കത്തിക്കൊണ്ടിരുന്ന സോളാറും ചെന്നിത്തലയും മഴയില്‍ കുതിര്‍ന്നു പോയി, കരിങ്കൊടിയില്ല, സമരമില്ല, ചാനല്‍ യുദ്ധമില്ല, ഐ ഗ്രൂപ്പ് പ്രതിഷേധമില്ല, അതിവേഗം ബഹുദൂരം വീണ്ടും ഉമ്മന്‍ ചാണ്ടി
സോളാറില്‍ നിന്നും ചെന്നിത്തലയില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‌ക്കാലിക മോചനം. കേരളം പ്രതീക്ഷിച്ചതിനെക്കാള്‍ ഇരട്ടിയിലധികം ലഭിച്ച മഴയുടെകൂടെ വന്ന കെടുതികള്‍ ഒരു ജനതയെ കണ്ണീരിലാഴ്‌ത്തിയെങ്കിലും അത് മുഖ്യമന്ത്രിയെ സംബന്ധിച്ചടുത്തോളം ഒരനുഗ്രഹമായിരുന്നു. സരിതാ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ചിരുന്ന പ്രതിപക്ഷമാണ് ഒരാപത്തു വന്നപ്പോള്‍ എല്ലാം മനസില്‍ വച്ചുതന്നെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.
തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്‌തിരുന്ന സോളാറും ചെന്നിത്തലയുമെല്ലാം ചാനലുകാരും മഴയില്‍ മറന്നു പോയി. എല്ലാവരും മഴയുടെ പുറകേയാണ്. അന്നേരം ഉമ്മന്‍ ചാണ്ടിയാകട്ടെ മഴ നനഞ്ഞു കൊണ്ടുതന്നെ ഹെലീകോപ്‌ടറില്‍ ദുരിത പ്രദേശങ്ങളില്‍ പറന്നിറങ്ങി. കരിങ്കൊടി കൊണ്ട് വഴിമാറിപ്പോയിരുന്ന മുഖ്യമന്ത്രിയെ തടയാന്‍ ഈ മഴയാത്രയില്‍ ആരുമില്ല. ദുരിതത്തില്‍ എല്ലായിടത്തും ഓടി നടക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്.
ഒരുമാസത്തിലേറെ കാലമായി വിമര്‍ശനങ്ങള്‍ക്കിടയില്‍ ഭരണം മറന്നു പോയ മുഖ്യമന്ത്രി ഈ മഴക്കാലത്ത് ശരിക്കും സട കുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു. സര്‍വ്വകക്ഷി യോഗം, കേന്ദ്ര സഹായം ചോദിക്കല്‍, കേന്ദ്ര സേനയുടെ സഹായം ഉറപ്പു വരുത്തല്‍ തുടങ്ങി ഭരണപരമായ കാര്യങ്ങളില്‍ യാതൊരു വിമര്‍ശനവുമില്ലാതെ മുഖ്യമന്ത്രിക്ക് ഇടപെടാനായി.
സോളാറില്‍ നിന്നും തടിതപ്പാനായി ചെന്നിത്തലയെ കൂട്ടാനായി ശ്രമിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഇരട്ടി പ്രഹരമാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത്. ചെന്നിത്തലയുടേയും ഹൈക്കമാന്‍ഡിന്റേയും അപ്രീതിക്ക് പാത്രമായി സര്‍വ്വ കോണ്‍ഗ്രസുകാരാലും എന്തിന് ഘടകകക്ഷി നേതാക്കന്മാരാലും വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് രണ്ടാംഘട്ടത്തിലെ മഴ നാശം വിതച്ചു കൊണ്ട് വന്നത്. അതോടെ പ്രതിപക്ഷത്തേയും ഐ ഗ്രൂപ്പുകാരേയും തത്‌ക്കാലം ശമിപ്പിക്കാനായി.
എന്തായാലും ഇത് യുദ്ധത്തിന് മുമ്പുള്ള ശാന്തതയാണെന്നാണ് തോന്നുന്നത്. മഴ മാറുന്നതോടെ സോളാറും ചെന്നിത്തലയും നാശം വിതയ്‌ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
https://www.facebook.com/Malayalivartha