കേശവേന്ദ്രകുമാര്‍ തോറ്റു സംഘടനകള്‍ ജയിച്ചു, ശമ്പളം നല്കുന്ന സര്‍ക്കാര്‍ അധ്യാപക നിയമനത്തിലിടപെടരുത്, വിവാദ സര്‍ക്കുലര്‍ മരവിപ്പിക്കും
കാലാകാലങ്ങളിലായി കേരളത്തില്‍ നിലനില്‍ക്കുന്ന എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങളിലൊന്നാണ് അധ്യാപക നിയമനം. മാനേജ്മെന്റിന് അവരുടെ ഇഷ്ടം പോലെ ലക്ഷങ്ങള്‍ വാങ്ങി അധ്യാപകരെ നിയമിക്കാം. ശമ്പളം നല്കുന്നതാവട്ടെ സര്‍ക്കാരും. മുമ്പ് ഇവിടെ ഭരിച്ചിരുന്ന ഭരണാധികാരികള്‍ ആരും ഇത് കാണാത്തതല്ല. കാരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ഇവിടത്തെ പ്രബലരായ മത വിഭാഗങ്ങളാണ്. ഭരണത്തില്‍ എല്ലായിപ്പോഴും ഇവരുടെ ഒരു നിയന്ത്രണം ഉണ്ടായിരിക്കും. വിദ്യാഭ്യാസത്തില്‍ കളിച്ചിട്ടുള്ളവര്‍ ആരും കേരളത്തില്‍ അധികം വാഴില്ല. അത്രക്ക് അവര്‍ ശക്തരുമാണ്.
ഇങ്ങനെയിരിക്കുമ്പോഴാണ് ബീഹാറിലെ സാധാരണ നിലയില്‍ നിന്നും ഐഎഎസു കാരനായി മാറിയ കേശവേന്ദ്രകുമാര്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഡയറക്ടറായത്. ഇടയ്ക്ക് കെഎസ്യുക്കാരുടെ കരിയോയില്‍ പ്രയോഗത്തിനു പാത്രമായെങ്കിലും കേശവേന്ദ്രകുമാര്‍ വളരെപ്പെട്ടെന്നു പേരെടുത്തു.
28 വയസു പ്രായമുള്ള ഈ ചെറുപ്പക്കാരന് അങ്ങനെ അധ്യാപക നിയമനത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. ഒരു നിയന്ത്രണവുമില്ലാതെ കഴിവില്ലാത്ത പലരും പണത്തിന്റെ മേമ്പൊടിയില്‍ അധ്യാപകരാകുന്നു. കൃത്യമായി ശമ്പളം നല്കാന് സര്‍ക്കാരും.
നിയമം ഇല്ലാഞ്ഞിട്ടല്ല. ഉള്ള നിയമം ആരും പാലിക്കുന്നില്ലെന്ന് കേശവേന്ദ്രകുമാറിന് ബോധ്യമായി. ഉടനെ നിലവിലിരുന്ന സര്‍ക്കുലര്‍ മന്ത്രിയുടെ അനുവാദം പോലുമില്ലാതെ അദ്ദേഹം പുതിക്കിയിറക്കി. നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി.
അതോടെ മത സംഘടനകള്‍ രംഗത്തെത്തി. അതേസമയം കെഎസ്യുവും യൂത്ത് ലീഗുമെല്ലാം കേശവേന്ദ്ര കുമാറിന് പിന്തുണ നല്‍കുകയാണ് ചെയ്തത്.
എന്നാല്‍ സംഘടിതരായ മാനേജുമെന്റിനു മുമ്പില്‍ കേശവേന്ദ്ര കുമാറിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്കിയ വിശദീകരണം.
സര്‍ക്കുലര്‍ നടപ്പാക്കിയാലുള്ള പ്രത്യാഘാതം പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. മാനേജ്മെന്റുകളും മത, സമുദായ സംഘടനകളും പുതിയ സര്‍ക്കുലറിനെതിരെ മന്ത്രിയോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha