മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.5 അടിയില്‍; ജാഗ്രതാ നിര്‍ദേശം നല്‍കി
മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ് 135.5 അടിയിലെത്തിയതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയാണ്. ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ സമരസമിതി പ്രക്ഷോഭവും ശക്തമായി. സമരം 2414 ദിവസം പിന്നിട്ടിരിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിലെ ചോര്‍ച്ചയും ഉയര്‍ന്നു. സെക്കന്റില്‍ 3853 ഘനയടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് വൈദ്യുതി ഉത്പാദനത്തിനും കാര്‍ഷിക ആവശ്യത്തിനുമായി സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടില്‍ ബുധനാഴ്ച വൈകീട്ട് വരെ 5819 ദശലക്ഷം ഘനയടി വെള്ളം സംഭരിച്ച് നിര്‍ത്തിയിട്ടുള്ളതായാണ് തമിഴ്‌നാട് നല്‍കുന്ന കണക്കുകള്‍. തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ ഇപ്പോള്‍ ഇടവിട്ട് മഴ ലഭിക്കുന്നതിനാലും ചെറുകിട ഡാമുകള്‍ മിക്കവയും നിറഞ്ഞിരിക്കുന്നതിനാലും തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നതില്‍ അധികൃതര്‍ മടികാണിക്കുകയാണ്. തേനി ജില്ലയിലെ വയലുകളില്‍ പുതിയ കൃഷി ഇറക്കിയതും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതിന് തടസ്സമാകുന്നുണ്ട്.
മുല്ലപ്പരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാമിന്റെ സ്‌പില്‍വേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങും.
അതേസമയം സുപ്രീം കോടതിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമവാദം നടക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം കേള്‍ക്കാത്ത ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. കേരളം ചൂണ്ടിക്കാട്ടിയ പിഴവുകള്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്നു കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളക്കുന്നതാണെന്നും കേരളത്തിന്റെ വാദങ്ങള്‍ ഉന്നതാധികാര സമിതിയില്‍ ഉന്നയിക്കാനുള്ള നീക്കത്തെ എതിര്‍ത്ത തമിഴ്‌നാടിന്റെ നിലപാട് ശരിയല്ലെന്നും മുല്ലപ്പെരിയാര്‍ കേസില്‍ ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha