അല്പം ചോര പൊടിഞ്ഞാലും സമരം വിജയിപ്പിക്കാന്‍ അണികള്‍, കേന്ദ്രസേന കൈവിട്ടു പോയാല്‍... മറ്റൊരു കൂത്തുപറമ്പാകും, ചെകുത്താനും കടലിനും നടുവില്‍ ഉമ്മന്‍ ചാണ്ടി
കേരളസര്‍ക്കാര്‍ അതിഭയാനകമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തലസ്ഥാന നഗരി ആകെക്കൂടി യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. കേവലം ഒരു ഫോണിനെന്തിന് രാജിവയ്ക്കണമെന്ന് ചോദിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രതിപക്ഷത്തിന്റെ ഒരുലക്ഷം പേര് പങ്കെടുക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം. കേവലം ഒരു ഉപരോധസമരം മാത്രമായി മാറുമായിരുന്ന ഈ ജനകീയ പ്രക്ഷോപം പെട്ടെന്നാണ് ദേശീയ ശ്രദ്ധ നേടുന്നത്.
അല്ലറ ചില്ലറ ലാത്തിച്ചാര്‍ജിലും ടിയര്ഗ്യാസിലും അവസാനിക്കേണ്ടിയിരുന്ന സമരം അങ്ങനെ കേന്ദ്ര സേനയുടെ കൈകളിലെത്തി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം 20 കമ്പനി കേന്ദ്രസേനയാണ് എത്തിയത്. കേന്ദ്രസേനയുടെ ആദ്യത്തെ ആയുധം തന്നെ തോക്കാണ്. അവരുടെ ലക്ഷ്യം ഒന്നേയുള്ളൂ. ശത്രുവിനെ അടിച്ചമര്‍ത്തുക. അവരുടെ മുമ്പില്‍ മലയാളത്തിലുള്ള കീ വിളികളൊന്നും ഏല്‍ക്കില്ല. അവിടെയാണ് സര്‍ക്കാരിന്റെ വെല്ലുവിളി.
സമരം വിജയിപ്പിക്കാന്‍ വേണ്ടി സിപിഎം നേതൃത്വം ശക്തമായി നില്‍ക്കുകയാണ്. ടിപി വധകേസില്‍ നിന്നൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ സോളാറെന്ന് സിപിഎം മനസിലാക്കിക്കഴിഞ്ഞു. അതിനാല്‍ അവര്‍ അണികള്‍ക്ക് വന്‍ ഊര്‍ജമാണ് നല്‍കുന്നത്. ഒരോ പഞ്ചായത്തില്‍ നിന്നും ഇത്ര അണികള്‍ വീതം പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും ഇടതുപക്ഷം നല്‍കിക്കഴിഞ്ഞു.
കേന്ദ്ര സേനകൂടി വരുന്നതോടെ ഇതൊരു രക്ത രൂക്ഷിതമാകാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അല്പം ചോര ചീന്തിയിട്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ നീക്കം. സമരം ചെയ്യാനറിയുന്ന പാര്‍ട്ടിയുടെ ചില അണികളെങ്കിലും ആവേശം കാട്ടിയാല്‍ മറ്റൊരു കൂത്തുപറമ്പാകുമോ എന്നാണ് സാധാരണക്കാരുടെ പേടി.
സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിച്ചതില്‍ യുഡിഎഫിനുള്ളില്‍ തന്നെ പരക്കെ ആക്ഷേപമുണ്ട്.
ഇതൊരു രക്തരൂക്ഷിത സമരമായാല്‍ വിമര്‍ശനങ്ങളുടെ കൂമ്പാരമായിരിക്കും ഫലം. ഈ യൊരവസരത്തില്‍ ഐ ഗ്രൂപ്പിന്റേയോ കോണ്‍ഗ്രസ് ഹൈക്കമാന്ഡിന്റേയോ എന്തിന് യുഡിഎഫിന്റേയോ പൂര്‍ണ പിന്തുണ സര്‍ക്കാരിന് ലഭിക്കില്ല. ഒരോ തുള്ളി ചോരയ്ക്കും അങ്ങനെ ഈ സര്‍ക്കാര്‍ പ്രത്യേകിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരം പറയേണ്ടി വരും.
https://www.facebook.com/Malayalivartha