സര്‍ക്കാരിന്റെ പഴയ ആവേശം പോയി, സമരം നടത്തിക്കോ പക്ഷേ 'കുടി' നടക്കില്ല, ഐക്യമുന്നണിയില്‍ ഐക്യമില്ലാതെ ഒരുലക്ഷം പേരെ നേരിടാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും മാത്രം
പ്രതിപക്ഷത്തിന്റേയും ഭരണ പക്ഷത്തിന്റേയും ശക്തമായ എതിര്‍പ്പ് കാരണം സമരത്തോടുള്ള നേരത്തേയുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിച്ചു. സമരക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന പന്തല്‍ പൊളിച്ചുമാറ്റാന്‍ നടത്തിയ ശ്രമം വിഫലമായിരുന്നു. സമരം നടത്തിക്കോ പക്ഷേ മദ്യപാനം നടത്താതിരിക്കാനുള്ള കര്‍ശന നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടത്. തലസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തും. എന്നാല്‍ നിരോധനാജ്ഞ ഒഴിവാക്കും.
അതേസമയം ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തിന് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങി. നിശ്ചയിച്ച അതേ രീതിയില്‍ ഉപരോധം നടത്താനാണ് എല്‍ഡിഎഫിന്റെ തീരുമാനം. സെക്രട്ടറിയേറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിച്ച് കന്റോണ്‍മെന്റ് ഗേറ്റ് തുറന്നിടാനുള്ള തന്ത്രങ്ങള്‍ക്ക് സര്‍ക്കാരും രൂപം നല്‍കി. സമരക്കാരെ നേരിടാനുള്ള ശക്തമായ ഒരുക്കങ്ങളാണ് സര്‍ക്കാരിന്റെയും പോലീസിന്റയും ഭാഗത്തുനിന്നുള്ളത്. സെക്രട്ടറിയേറ്റിന്റെ പൂര്‍ണ സംരക്ഷണ ചുമതല സിആര്‍പിഎഫിന് നല്‍കി. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസേനയ്ക്ക് പുറമെ അയ്യായിരത്തോളം പോലീസുകാരും നഗരത്തിലെത്തും. എംഎല്‍എ ഹോസ്റ്റലുകളിലും ഇടത് സര്‍വീസ് സംഘടനാ ഓഫീസുകളിലും സമരക്കാരെ താമസിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. അതേസമയം പരമാവധി സംയമനം പാലിക്കാനും പോലീസിന് ഡിജിപി നിര്‍ദ്ദേശം നല്‍കി.
ജഗതിയില്‍ സമരക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ തയാറാക്കിയ പാചകപ്പുര പൊളിച്ചുമാറ്റാനുള്ള പോലീസ് ശ്രമം സംഘര്‍ഷത്തിനിടയാക്കി. തോമസ് ഐസക്ക് എംഎല്‍എയ്ക്ക് നേരെ ബലപ്രയാഗമുണ്ടായി. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചെന്നും ജീവനുണ്ടെങ്കില്‍ പാചകപ്പുരയില്‍ പോലീസിനെ കയറ്റില്ലെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം മേയറുടെ അനുമതിയോടെയാണ് പാചകപ്പുര തുടങ്ങിയത്. പാചകപ്പുര പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന് മേയര്‍ കെ ചന്ദ്രിക പറഞ്ഞു.
ഉപരോധ സമരം പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ പല നിലയ്ക്കും ശ്രമിക്കുന്നുണ്ട്. സമരക്കാരെ താമസിപ്പിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, തലസ്ഥാനത്തെ വീടുകളില്‍ സമരക്കാരെ താമസിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുക, കെഎസ്ആര്‍ടിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുക, സമരക്കാരെ കൊണ്ടുവരുന്ന വണ്ടികളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കരുതല്‍ അറസ്റ്റിനും നീക്കമുണ്ട്.
അതേസമയം സര്‍ക്കാരിനെതിരായ നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിന് പ്രതിപക്ഷം ഒരുങ്ങുമ്പോള്‍ കൂട്ടായ പ്രതിരോധം പോലും ഉയര്‍ത്താനാവാത്ത വിധം പ്രതിസന്ധിയിലാണ് യുഡിഎഫ് നേതൃത്വം. സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും പ്രതിരോധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കൂടിയാലോചന പോലും യുഡിഎഫില്‍ നടന്നിട്ടില്ല. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജും ആര്‍ ബാലകൃഷ്ണ പിള്ളയും രംഗത്തെത്തി.
https://www.facebook.com/Malayalivartha