തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടല്ലോ... പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് ഒഴുകുന്നു, ഇവിടത്തെ ഓരോ ചെറുചലനങ്ങളറിയാനും നാട്ടുകാര്‍ കാത്തിരിക്കുന്നു
പാര്‍ട്ടിയെ സംബന്ധിച്ചടുത്തോളം ഇതുപോലെ നല്ലൊരു നാള്‍ വരാനില്ല. അത്രയ്‌ക്ക് ആവേശോജ്ജ്വലമായ യാത്രയയപ്പാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ പാര്‍ട്ടിക്ക് ലഭിക്കുന്നത്. കേവലമൊരു ഉപരോധസമരമായി മാറാമായിരുന്ന സമരത്തിനാണ് കേന്ദ്രസേനയുടെ വരവോടെ മറ്റൊരു വീരപരിവേഷം കിട്ടിയത്. സമരത്തില്‍ പങ്കെടുക്കാനായി യുവാക്കളും സ്‌ത്രീകളും അമിതമായ ആവേശമാണ് കാട്ടുന്നത്. എന്നാല്‍ നിശ്ചിത ആള്‍ക്കാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി.
വീരയോദ്ധാവ് യുദ്ധത്തില്‍ പോകുന്നതിന്റെ പ്രതീതിയായിരുന്നു പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍. ചുവന്ന മാലകള്‍ അണിയിച്ച് അവരുടെ കഴിവുകള്‍ പുകഴ്‌ത്തി യാത്രയയ്‌ക്കുമ്പോള്‍ പടയാളികള്‍ക്ക് ഉണ്ടാകുന്ന വീര്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചെണ്ടമേളവും മുദ്രാവാക്യവുമായി ഭൂരിപക്ഷം പ്രവര്‍ത്തകരേയും യാത്രയാക്കി. എന്തൊക്കെ പ്രതിബന്ധമുണ്ടായാലും പാര്‍ട്ടിക്കു വേണ്ടി മരിക്കാനും തയ്യാറാണെന്നാണ് പല പ്രവര്‍ത്തകരുടേയും പ്രതികരണം.
തലസ്ഥാനത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുതന്നെയാണ് സമരത്തില്‍ പങ്കെടുക്കുന്ന സഖാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതു പോലും. സമരക്കാരുടെ കുടിവെള്ളം പോലും മുട്ടിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരുലക്ഷത്തോളം വരുന്ന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടി ചെയ്‌തുകഴിഞ്ഞു. പതിനെട്ടോളം പാചക പുരകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയിലെ മുഖ്യ പാചകപ്പുര പിണറായി സന്ദര്‍ശിച്ച് വിലയിരുത്തുകയും ചെയ്‌തു.
എവിടെ തടയുമോ അവിടെയിരുന്ന് സമരം തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേയും ആള്‍ക്കാര്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്തെങ്കിലും അനിഷ്‌ട സംഭവങ്ങളുണ്ടായാല്‍ കേരളത്തെ മൊത്തം ബാധിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha