ജോപ്പന് ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗമായ ടെന്നി ജോപ്പന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍. ജോപ്പന്റെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദത്തിനിടെയാണ് എജി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഉപാധികളോടെ ജോപ്പന് ജാമ്യം അനുവദിക്കാമെന്നാണ് എജി കോടതിയില്‍ സ്വീകരിച്ച നിലപാട്. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിധി പറയുന്നതു വെള്ളിയാഴ്‌ചത്തേക്കു മാറ്റി. ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ടെന്നി ജോപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ജോപ്പന് ജാമ്യം നിഷേധിച്ചത്. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് ഒത്താശ ചെയ്‌തു കൊടുത്തതിനാണ് ജൂണ്‍ 27ന് ജോപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡിവൈഎസ്‌പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിനു ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. അന്നു മുതല്‍ ജോപ്പന്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha