മടങ്ങാം എല്ലാവര്‍ക്കം സമാധാനത്തോടെ, യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ വിജയമവകാശപ്പെട്ട് ഉപരോധസമരം അവസാനിച്ചു, ഉള്ളു കളികള്‍ മനസിലാവാതെ പ്രവര്‍ത്തകര്‍
സമരം തുടങ്ങുന്നതിനുമുമ്പേ തീര്‍ന്നു പോയെന്ന പരാതിയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുള്ളത്. കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും കഴിഞ്ഞേ നാട്ടിലെത്തൂ എന്ന കണക്കുകൂട്ടലിലാണ് പലരും വീടുകളില്‍ നിന്നും പുറപ്പെട്ടത്. കേന്ദ്രസേനയുടെ വരവോടെ അല്‍പം ആശങ്കയോടെയാണ് പല കുടുംബങ്ങളും തങ്ങളുടെ പ്രീയപ്പെട്ടവരെ യാത്രയാക്കിയത്.
പാര്‍ട്ടിയും മുന്നണിയും അറിയാതെ പട്ടാളത്തെ വിളിച്ചതിന് മുഖ്യമന്ത്രി ഒരുപാട് പേരുദോഷം കേട്ടിരുന്നു. എല്ലായിടങ്ങളിലും മുഖ്യമന്ത്രി ഒറ്റപ്പെടുന്ന അവസ്ഥയായി. അതോടെ മുഖ്യമന്ത്രി കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിച്ചു. ഒരുകാരണവശാലും കേന്ദ്ര സേന ഇടപെടരുതെന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു. പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന ഒരു കാര്യവും പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാത്രമല്ല മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ വന്ന് പ്രകോപനമുണ്ടാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം തണുപ്പിക്കാനായി സെക്രട്ടറിയേറ്റിന് അവധിയും നല്‍കി.
കേന്ദ്ര സേനയ്‌ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്യാമ്പസിനകത്തുള്ള കാഴ്‌ചകള്‍ കണ്ട് മടങ്ങാം. വല്ലാ പട്ടാള ക്യാമ്പിലും കഴിഞ്ഞ തങ്ങളെ എന്തിന് വിളിച്ചുവരുത്തിയെന്നാണ് അവരുടെ ചോദ്യം. എല്ലാം സര്‍ക്കാരിന്റെ എടുത്തുചാട്ടമായിരുന്നു എന്നാണ് മുന്നണിക്കുള്ളില്‍പ്പോലും ചര്‍ച്ച ചെയ്യുന്നത്.
എന്തായാലും രക്തച്ചൊരിച്ചിലില്ലാതെ സമരം പിന്‍വലിച്ചതിന് ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ആശ്വസിക്കാം. കാരണം പട്ടാളത്തിന്റെ വെടികൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയെങ്കില്‍ അത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതോടെയാണ് മുഖ്യമന്ത്രി ഏത് അന്വേഷണത്തിനും തയ്യാറായത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്‌ത ഇടതുപക്ഷത്തിനും സമരം വേഗം തീര്‍ന്നതില്‍ ആശ്വാസമാണ്. കാരണം ഒരുലക്ഷത്തോളം പേരെ തിരുവനന്തപുരത്ത് നിര്‍ത്തുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടിക്കാണ്. മാത്രമല്ല സമരം നീളുന്തോറും അക്രമങ്ങളും ഉണ്ടാവും. പാര്‍ട്ടി പ്രവര്‍ത്തകരെ ബലിയാടാക്കി എന്ന പേരുദോഷവും വരും. ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കാനും പോകുന്നില്ല. മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പുവരെ ഉമ്മന്‍ ചാണ്ടി തുടരുന്നതാണ് പാര്‍ട്ടിക്കും നല്ലത്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉടനെ ഉപരോധ സമരം നിര്‍ത്തിയതും.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ സമരം തുടക്കത്തിലേ ഫലം കാണാതെ നിര്‍ത്തിയതിനാല്‍ പ്രവര്‍ത്തകരും നിരാശയിലാണ്. തങ്ങളുടെ വീര്യം ഒന്ന് പുറത്തിറക്കാന്‍ പോലും പറ്റിയില്ല. എന്തിനാണ് സമരം നിര്‍ത്തിയതെന്ന വ്യക്തമായ മറുപടി ഒരു നേതാക്കളും പറയുന്നുമില്ല. ഇവിടെയാണ് എന്തോ ഉള്ളുകളി നടന്നെന്ന് പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നുന്നത്.
https://www.facebook.com/Malayalivartha