സിറ്റിംഗ് ജഡ്‌ജിയെ കിട്ടില്ല, വിരമിച്ച ജഡ്‌ജി അന്വേഷണം നടത്തിയാല്‍ തന്നെ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും
മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തി വന്നിരുന്ന സെക്രട്ടറിയേറ്റ് ഉപരോധം അവസാനിച്ചതോടെ പൊളിഞ്ഞ സമരചരിത്രത്തില്‍ ഒന്നുകൂടി.
കാതലായ ഒരു പ്രഖ്യാപനം പോലുമില്ലാതെയാണ് ഇടതുമുന്നണി സമരം അവസാനിപ്പിച്ചത്. ജുഡീഷ്യല്‍ അന്വേഷണത്തിന് വേണ്ടി സിറ്റിംഗ് ജഡ്‌ജിയെ തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെയാണ്.
ജഡ്‌ജിമാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്ന ഹൈക്കോടതിയില്‍ നിന്നും സിറ്റിംഗ് ജഡ്‌ജിയെ വിട്ടുകിട്ടില്ല. കല്ലുവാതുക്കല്‍ മദ്യ ദുരന്തമാണ് സിറ്റിംഗ് ജഡ്‌ജി നടത്തിയ ഒടുവിലത്തെ അന്വേഷണം. അന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് സിറ്റിംഗ് ജഡ്‌ജിയെ കൊണ്ടു വന്നത്; മലയാളിയായ ജസ്റ്റിസ് വി.പി. മോഹന്‍കുമാറിനെ അന്വേഷണങ്ങള്‍ക്കായി സിറ്റിംഗ് ജഡ്‌ജിയെ വിട്ടുതരാനാവില്ലെന്ന് നിരവധി റൂളിങ്ങുകളിലൂടെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണപക്ഷം നടത്തുന്ന അഴിമതികള്‍ക്കും പ്രതിപക്ഷം നടത്തുന്ന അന്വേഷണാവശ്യങ്ങള്‍ക്കും സീറ്റിംഗ് ജഡ്‌ജിയെ വിട്ടുകൊടുക്കണമെങ്കില്‍ മറ്റൊന്നിനും സമയം തികയില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
സിറ്റിംഗ് ജഡ്‌ജിയെ വിട്ടു കിട്ടില്ലെന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാക്കള്‍ക്കുമറിയാം. എന്നാല്‍ ഇരുപക്ഷത്തിനും മുഖം രക്ഷിക്കണം. ഇതാണ് ജനങ്ങളെ രണ്ടുനാള്‍ ബുദ്ധിമുട്ടിച്ച ഉപരോധസമരത്തില്‍ നടന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധസമരവും ഭൂസമരവും നേരത്തെ പരാജയപ്പെട്ടിരുന്നു. രണ്ടു സമരങ്ങള്‍ക്കും ഉപരോധ സമരത്തിന്റെ വിധിയുണ്ടാക്കിയതിന് കാരണക്കാര്‍ ഇടതുപക്ഷക്കാര്‍ തന്നെയായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആകാമെന്ന് സോളാര്‍ വിവാദത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും കോടികള്‍ പൊട്ടിച്ച് സമരാഭ്യാസം നടത്തി. മുഖ്യമന്ത്രിക്കെതിരായ സമരം തുടരുമെന്ന പിണറായി വിജയന്റെ പുതിയ പ്രഖ്യാപനത്തിനും ഉപരോധ സമരത്തിന്റെ വിധി തന്നെ വന്നു ചേരാനാണ് സാധ്യത.
വിരമിച്ച ജഡ്‌ജി അന്വേഷണം നടത്തിയാല്‍ തന്നെ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും. അപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലാവധി അവസാനിക്കും. സോളാര്‍ വിവാദം ജനം മറക്കുകയും ചെയ്യും.
സര്‍ക്കാറിനെ മറിച്ചിട്ടാല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്ന ഭയം പിണറായിക്കുണ്ട്. അച്യുതാനന്ദനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആണെന്ന് പിണറായി വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് സംസാരിച്ച മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. കാരണം സ്വന്തം പാളയത്തില്‍ നിന്നും കിട്ടിയ പ്രഹരങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
കോടിയേരിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടിരിക്കുന്ന പുതിയ ഗ്രൂപ്പിനേയും പിണറായി ഭയക്കുന്നുണ്ട്.
എന്നാല്‍ ആ ചോദ്യം ബാക്കിയാവുന്നു. പേരിന് ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടിക്ക് നേരത്തെ തടിയൂരാമായിരുന്നില്ലേ.
https://www.facebook.com/Malayalivartha