ലീഗ് ഇടയുന്നു മലപ്പുറത്ത്; പ്രതിസന്ധി രൂക്ഷം
കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനു പിന്നാലെ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധവും ഉലയുന്നു. കേരള കോണ്‍ഗ്രസ്-ജേക്കബ്, പിള്ള, ആര്‍.എസ്.പി, സി.എം.പി, ജെ. എസ്. എസ് തുടങ്ങിയ ഘടകകക്ഷികളുമായുള്ള ബന്ധം നേരത്തെ തന്നെ ഉലഞ്ഞു കഴിഞ്ഞ പശ്ചാത്തലത്തില്‍ ലീഗിനേയും പിണക്കി എങ്ങനെ മുന്നോട്ടു പോകുമെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാര്‍.
യു.ഡി. എഫിന്റെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന മലപ്പുറത്തെ ചില സംഭവവികാസങ്ങളാണ് ലീഗുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുന്നത്. ജില്ലയിലെ പൊന്നാനി നഗരസഭയിലും പതിനഞ്ച് ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലീഗും കോണ്‍ഗ്രസ്സും വിഭജനത്തിന്റെ വക്കിലാണ്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂരിലും , പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലും യു.ഡി.എഫ് വന്‍ പ്രതിസന്ധി നേരിടുന്നു. വേങ്ങര ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള ലീഗിന്റെ തീരുമാനമാണ് ഇതില്‍ പുതിയത്. എ-ഗ്രൂപ്പൂകാരെ ഒതുക്കാന്‍ ഐ ഗ്രൂപ്പുമായി വേങ്ങരയില്‍ ലീഗ് കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ലീഗ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനൊപ്പമാണ് ഉള്ളത്.
ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ നഗരസഭയില്‍ ലീഗ് കൗണ്‍സിലര്‍മാരെ പരിഗണിക്കാറില്ലെന്ന പരാതി വ്യാപകമാണ്. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും ഇവരെ പങ്കെടുപ്പിക്കാറില്ലത്രേ. ആര്യാടന്‍ മുഹമ്മദിന്റെ ലീഗ് വിരുദ്ധ പ്രസ്‌താവനകളും ഇതിന് കൊഴുപ്പ് കൂട്ടുന്നുണ്ട്.
നന്നംമുക്ക് പഞ്ചായത്തില്‍ സി.പി.എം. കൊണ്ടു വന്ന അവിശ്വാസപ്രമേയത്തില്‍ ലീഗ് പിന്തുണക്കുകയും കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്താവുകയും ചെയ്‌തു. യു.ഡി. എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുത്തതിനെ തുടര്‍ന്ന് നന്നംമുക്കിലെ പതിനഞ്ചോളം കോണ്‍ഗ്രസ് ഭാരവാഹികള്‍ സ്ഥാനം രാജി വച്ചിരുന്നു. നന്നംമുക്കിലെ പ്രതികാരമെന്നോണം ആലങ്കോട് പഞ്ചായത്തിലെ ലീഗിന്റെ പ്രസിഡന്റിനെ കോണ്‍ഗ്രസ് താഴെയിട്ടു. മുത്തേടം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ ലീഗ് താഴെയിറക്കിയത് സി. പി. എമ്മുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവന്നാണ് ചോക്കാട്, തവനൂര്‍,തിരൂരങ്ങാടി,തൃക്കലക്കോട് ഗ്രാമ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. പൊന്നാനി നഗരസഭയില്‍ അധ്യക്ഷനെതിരെ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിതുടങ്ങിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്- മാണിയുടെ ഈറ്റില്ലമായ കോട്ടയത്തും കോണ്‍ഗ്രസ്സുമായി ഭിന്നത രൂക്ഷമാവുകയാണ്. ഇത്തരം ഭിന്നതകകള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha