ജുഡീഷല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അനുമതി, പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം ടേംസ് ഓഫ് റഫറന്‍സിന് അന്തിമ രൂപം നല്‍കും
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം ടേംസ് ഓഫ് റഫറന്‍സിന് അന്തിമ രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാരിന് സോളാര്‍ കേസുമായി യാതൊരു ബന്ധവുമില്ല. ഇതിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കാത്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷം വ്യക്തമായ തെളിവുകള്‍ നിരത്തിയാല്‍ ആ നിമിഷം രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുപരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്നും കരിങ്കൊടി കാണിക്കുന്നവര്‍ കാണിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കം പോലുള്ള ജനക്ഷേമപരമായ പരിപാടികളില്‍ മുഖ്യമന്ത്രിയെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുനര്‍ വിചിന്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മുഖ്യമന്ത്രി തള്ളി.
https://www.facebook.com/Malayalivartha