ധനവകുപ്പ് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ അട്ടിമറിക്കുന്നു, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ധനവകുപ്പ് പുറപ്പെടുവിക്കുന്ന കര്‍ശനനിയന്ത്രണങ്ങള്‍ മന്ത്രിസഭ തന്നെ അട്ടിമറിക്കുന്നതായി ആക്ഷേപം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇത് മൂന്നാംതവണയാണ് മുണ്ട് മുറിക്കിയുടുക്കാന്‍ ധനവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നത്. മുമ്പ് രണ്ട് തവണയും നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അനുദിനം കടത്തിലേക്ക് കുപ്പുകുത്തുന്ന സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനത്തിന്റെ 90ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശക്കും വേണ്ടിയാണ് ചെലവഴിക്കുന്നത്.
ധനവകുപ്പിന്റെ അനുമതിയില്ലാതെ തസ്‌തികകള്‍ സൃഷ്‌ടിക്കരുതെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും മന്ത്രിസഭായോഗം അവഗണിക്കുന്നത്. ധനവകുപ്പ് എതിര്‍ക്കുന്ന സാമ്പത്തികാവശ്യങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം മന്ത്രിസഭായോഗത്തിനുണ്ട്. മന്ത്രിസഭായോഗത്തില്‍ ധനമന്ത്രിയും പങ്കെടുക്കുമെന്നിതിനാല്‍ വകുപ്പിന്റെ നിര്‍ദ്ദേശം മറികടക്കുന്നതിന് തടസ്സമില്ല. എന്നിട്ടും ഓരോ വര്‍ഷവും ഒരു ചടങ്ങ് പോലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മാത്രം.
സാമ്പത്തിക നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായിരുന്ന കാലത്തെ അവസ്ഥ സംസ്ഥാനത്തെ ഖജനാവിനു വന്നു ചേരുമെന്ന് മന്ത്രി കെ.എം.മാണിയും ധനസെക്രട്ടറി പി.പി. ജോയിയും കരുതുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാലാണ് ചോദിക്കുന്നവര്‍ക്കെല്ലാം എന്തും കൊടുക്കേണ്ടി വരുന്നത്. ജാതി-മത സംഘടനകള്‍ക്കും വഴങ്ങേണ്ടി വരുന്നു. ഏറ്റവുമൊടുവില്‍ എയ്‌ഡഡ് ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് ആവശ്യാനുസരണം തസ്‌തിക സൃഷ്‌ടിക്കുന്ന വിഷയത്തിലും മാനേജ്‌മെന്റുകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഹയര്‍സെക്കന്ററി ഡയറക്‌ടര്‍ പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചു.
ലാഭകരമല്ലാത്ത പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യനാലുമാസം പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് വീണ്ടും കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയിലേറെ ചെലവുകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിന്റെയും സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ധനസെക്രട്ടറി പി.പി. ജോയിക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനും സര്‍ക്കാര്‍ അനുമതി നല്‍കി.
https://www.facebook.com/Malayalivartha