'ഭഗവൽ സിംഗ് ബലികൊടുത്ത രണ്ടു സ്ത്രീകൾ, പാലക്കാട്ടെ പെൺകുട്ടി, ഹൈദരാബാദിലെ പെൺകുട്ടികൾ, ഇനിയും പുറംലോകമറിയാത്ത ഇത്തരം എത്രയോ ഇരകൾ ഉണ്ടാകാം..? വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ട , മാനം കവരപ്പെട്ട സാധുക്കൾ ... അവരെന്തു തെറ്റു ചെയ്തു? നിങ്ങളുടെ വിശ്വാസങ്ങൾക്കു വേണ്ടി അവരുടെ ജീവനെടുക്കാൻ...' കുറിപ്പ് വൈറലാകുന്നു

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസ് ഏറെ വഴിത്തിരിവുകളാണ് പുറത്ത് വരുന്നത്. എന്നാൽ വിശ്വാസത്തിന്റെ മറവിൽ ഇത്തരത്തിൽ സംഭവവികാസങ്ങൾ ഉണ്ടാകുന്നത് ഏറിവരുകയാണ്. ഇനിയും ഇരയായിത്തീരാവുന്നവർക്കു വേണ്ടിയാണ് വിശ്വാസങ്ങളെ , വിശ്വാസികളെ, വിമർശിക്കുന്നത്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് അരുൺ പ്രകാശ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിരുപദ്രവികളായ വിശ്വാസികൾ ...
"വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടേ?"
"നിങ്ങൾ എന്തിനാണ് വിശ്വസിക്കുന്നവരെ നിർബന്ധിക്കുന്നത്?
നിങ്ങളോടു വിശ്വസിക്കാൻ പറഞ്ഞില്ലല്ലോ?"
"വിശ്വാസികളെ അവരുടെ വഴിക്കു വിട്ടു കൂടേ?"
"ആർക്കും ഉപദ്രവമുള്ള കാര്യമല്ലല്ലോ മറ്റുള്ളവരുടെ വിശ്വാസം ?"
പൊതുവേ ദൈവ/മത വിശ്വാസികൾ പതിനെട്ടാമത്തെ അടവായി ഉപയോഗിക്കുന്ന ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത്. കേൾക്കുമ്പോൾ വളരെ നിഷ്കളങ്കവും നിരുപദ്രവുമായ ചോദ്യങ്ങൾ എന്നു തോന്നുന്ന ഇവയുടെ പുറകിൽ വിശ്വാസികൾ പോലും തിരിച്ചറിയാത്ത വലിയ അപകടങ്ങൾ പതിയിരുപ്പുണ്ട് എന്നതാണു സത്യം.
വിശ്വാസികളിൽ തന്നെ ഓരോരുത്തരുടെയും വിശ്വാസത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും എന്നതാണത്.
ഓരോരുത്തരുടെയും ബുദ്ധിക്കനുസരിച്ചും അവർക്കു നൽകപ്പെട്ട മത വിദ്യാഭ്യാസത്തിനുസരിച്ചും അവരുടെ വിദ്യാഭ്യാസ / സാംസ്കാരിക / കുടുംബ നിലവാരമനുസരിച്ചും വിശ്വാസത്തിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായത് ചെറുപ്രായത്തിൽ തലച്ചോറിലേക്ക് പമ്പു ചെയ്യപ്പെട്ട അന്ധവിശ്വാസങ്ങളുടെ തീവ്രതയിലുള്ള ഏറ്റക്കുറച്ചിലുകളാണ്.
ഉദാഹരണത്തിന് ഇന്നത്തെ സംഭവ വികാസങ്ങൾ തന്നെയെടുക്കാം.. അമ്പലത്തിലെ പ്രസാദം മാത്രം കഴിച്ചിരുന്ന ഒരു "വെജിറ്റേറിയൻ മുതല" ചത്തുപോയതിനെത്തുടർന്ന് അതിന്റെ മൃതശരീരം പൊതുദർശനത്തിനു വയ്ക്കുന്നതും വിശ്വാസികൾ ഭക്തിപൂർവ്വം അതിനെ തൊഴുന്നതും നാം കണ്ടു. പക്ഷേ ഈ വിശ്വാസികൾ ആരും തന്നെ ഈ "വെജിറ്റേറിയൻ മുതല" ജീവിച്ചിരുന്നപ്പോൾ ആ കുളത്തിൽ ഇറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല എന്നു നാം അറിയണം. അതാണ് യുക്തിപരമായ വിശ്വാസം. മുതല ഒരു ഹിംസ്ര ജീവിയാണെന്നും എന്തൊക്കെ പറഞ്ഞാലും അതിന്റെ അരികിൽ ചെന്നാൽ അത് ആക്രമിച്ചേക്കാം എന്നുമുള്ള ബോധ്യം എപ്പോഴും മനസിൽ സൂക്ഷിക്കുന്ന വിശ്വാസി. ഒരു മുതലയുടെ ആക്രമണത്തിൽ നിന്നു തന്നെ രക്ഷിക്കാൻ തന്റെ വിശ്വാസത്തിനു കഴിയില്ല എന്ന തിരിച്ചറിവുള്ള വിശ്വാസി. യുക്ത വിശ്വാസി.
സമുഹത്തിൽ 90 ശതമാനവും ഇത്തരക്കാരാണ്. ബാക്കി 10 ശതമാനമാണ് സമൂഹത്തിന് അപകടമായേക്കാവുന്നവർ .. തങ്ങളുടെ സാമ്പത്തികമായ അഥവാ ഭൗതികമായ ഉയർച്ചകൾക്കു വേണ്ടി മറ്റു മനുഷ്യരെ ബലി കൊടുക്കാൻ പോലും മടിക്കാത്തവർ. ഭഗവൽ സിംഗിനെപ്പോലുള്ള, ഷാഫിയെപ്പോലുള്ള തീവ്ര വിശ്വാസികൾ ...! അവർ ഇത്തരം ക്രൂരകൃത്യങ്ങളെ തങ്ങളുടെ ദൈവങ്ങൾക്കുള്ള വഴിപാടുകളായി സ്വയം തീരുമാനിക്കുകയാണ് ..! അതിനു വേണ്ടി മറ്റുള്ളവരുടെ ജീവൻ കൊടുക്കാൻ പോലും അവർ മടിക്കില്ല. സ്വയം ബോംബായി പൊട്ടിച്ചിതറാനും ആയിരങ്ങളെ കുരുതി കൊടുക്കാനും പുറപ്പെട്ടിറങ്ങുന്നവർ ഭഗവൽ സിംഗിന്റെ വ്യത്യസ്ത രൂപങ്ങൾ മാത്രമാണ് .. യുക്ത വിശ്വാസിയും തീവ്ര വിശ്വാസിയും തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ് എന്നുള്ളതാണ് ഭയപ്പെടേണ്ട വസ്തുത.
യുക്ത വിശ്വാസിയെ നിങ്ങൾ ഒന്നു നിശിതമായി വിമർശിച്ചു നോക്കൂ.. അവരുടെ മാനസിക നില കാണക്കാണെ മാറി വരുന്നതു നേരിട്ടു കാണാം.. വർഗീയ കലാപങ്ങളിൽ നടുക്കമുളവാക്കുന്ന ക്രൂരകൃത്യങ്ങളിൽ ഭാഗഭാക്കായവർ എല്ലാവരും തീവ്ര വിശ്വാസികളായിരുന്നില്ല. കൃത്യമായ തരത്തിലുള്ള തീവ്രമായ പ്രസംഗങ്ങൾ പോലും ഈ യുക്തിവിശ്വാസികളെ തങ്ങളുടെ യുക്തി വെടിഞ്ഞ് തീവ്ര വിശ്വാസിയാക്കാൻ പര്യാപ്തമാണ്. അപ്പോഴവർ തങ്ങളുടെ വിശ്വാസത്തിനും ദൈവത്തിനും വേണ്ടി ആരെ കൊല്ലാനും തയ്യാറുള്ള തീവ്ര വിശ്വാസിയായി മാറിക്കഴിഞ്ഞിരിക്കും.... കുറച്ചു മാസങ്ങൾക്കു മുമ്പ് പാലക്കാട്ട് ഒരമ്മ ആറു വയസുള്ള സ്വന്തം മകളെ ദൈവത്തിനു വേണ്ടി ബലി നൽകിയിരുന്നു. ഹൈദരാബാദിൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സ്ത്രീ യുവതികളായ മക്കളെ ബലി കൊടുത്തത് കഴിഞ്ഞ വർഷമാണ്.
ഭഗവൽ സിംഗ് ബലികൊടുത്ത രണ്ടു സ്ത്രീകൾ, പാലക്കാട്ടെ പെൺകുട്ടി, ഹൈദരാബാദിലെ പെൺകുട്ടികൾ, ഇനിയും പുറംലോകമറിയാത്ത ഇത്തരം എത്രയോ ഇരകൾ ഉണ്ടാകാം..? വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ട , മാനം കവരപ്പെട്ട സാധുക്കൾ ... അവരെന്തു തെറ്റു ചെയ്തു? നിങ്ങളുടെ വിശ്വാസങ്ങൾക്കു വേണ്ടി അവരുടെ ജീവനെടുക്കാൻ , അവരുടെ മാനം കവരാൻ നിങ്ങൾക്കെന്തവകാശം? അതുകൊണ്ടാണ്... അവർക്കൊക്കെ വേണ്ടിയാണ് വിശ്വാസങ്ങളെ വിമർശിക്കുന്നത്. ഇത്തരക്കാരുടെ വിശ്വാസങ്ങൾക്ക് ഇരയായിത്തീർന്നവർക്കു വേണ്ടിയാണ് , ഇനിയും ഇരയായിത്തീരാവുന്നവർക്കു വേണ്ടിയാണ് വിശ്വാസങ്ങളെ , വിശ്വാസികളെ, വിമർശിക്കുന്നത്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്... ദൈവ/ മത വിശ്വാസങ്ങൾ നശിക്കട്ടെ.. ഈ ലോകം നന്നാവാൻ അതേ വഴിയുള്ളൂ..
പിൻകുറിപ്പ്:വിശ്വാസികൾ , അന്ധവിശ്വാസികൾ എന്നിങ്ങനെ തരം തിരിവുകളില്ല. അന്ധവിശ്വാസികൾ മാത്രമേയുള്ളൂ.. അന്ധവിശ്വാസികൾ മാത്രം !
Arun Prakash VP
https://www.facebook.com/Malayalivartha