മുതല ആക്രമിച്ചു എന്ന് യുവതി; മുതലയാണോ ചീങ്കണ്ണിയാണോ എന്ന് ഉറപ്പിക്കാനാവാതെ വനം വകുപ്പ്; പനമരം പുഴയില്‍ മുതല സാന്നിധ്യം പതിവ് എന്ന് നാട്ടുകാർ
വയനാട് കൽപറ്റയിൽ പനമരം പുഴയിൽ അലക്കി കുളിക്കാൻ ഇറങ്ങിയ യുവതിയെ മുതല ആക്രമിച്ചു. പരക്കുനി കോളനിയിലെ സരിതയെയാണ് ആക്രമിച്ചത്. പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമണം ആദ്യമായാണെന്നു സരിത പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സരിതയെ മുതല ആക്രമിച്ചത്. കൈയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു കരയിലേക്കു കുതറിയോടിയതുകൊണ്ടു രക്ഷപ്പെട്ടെന്ന് സരിത പറഞ്ഞു. ആക്രമണത്തില്‍ ഇടതു കൈക്ക് പരിക്കേറ്റ സരിത പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
സരിതയും സഹോദരിയും ഒരുമിച്ചാണ് പുഴയിലേക്ക് തുണി അലക്കാനായി എത്തിത്. അലക്കിയ തുണികള്‍ വെള്ളത്തില്‍ മുക്കിയെടുക്കുന്നതിനിടെ വെള്ളത്തിനടിയില്‍ നിന്നും മുതല ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നുമാണ് സരിത പറയുന്നത്. ആക്രമിക്കുന്നതിനിടെ മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. മുതലയുടെ മൂന്ന് പല്ലുകള്‍ കൈയ്യില്‍ ആഴ്ന്നിറങ്ങിതായും സരിത അറിയിച്ചു.
എന്നാൽ മുതലയാണോ ചീങ്കണ്ണിയാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് വനംവകുപ്പ്. തന്റെ സര്‍വീസ് കാലയളവില്‍ മുതല ആക്രമണം എന്നത് ആദ്യ സംഭവമാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ രമ്യ രാഘൻ പറഞ്ഞു.
പനമരം പുഴയില്‍ നിരവധി ഇടങ്ങളില്‍ മുതലകളെ കണ്ടതായി അവിടുത്തെ നാട്ടുകാര്‍ പറയുന്നുണ്ട്. ഇപ്പോള്‍ ആക്രമിക്കപ്പെട്ട സരിതയുടെ അയല്‍വാസികള്‍ അടക്കമുള്ളവര്‍ മുമ്പ് പലതവണ മുതലയെ കണ്ടതായി പറയുന്നു. പുഴയിലെ ആഴമുള്ള സ്ഥലത്തിനടുത്താണ് തുണി അലക്കാന്‍ ആളുകള്‍ എത്താറുള്ളതെന്നും നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha