സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു, ഉദ്യോഗസ്ഥ ഭരണം പൊടിപൊടിക്കുന്നു
വിവാദങ്ങളില്‍ പെട്ട് സര്‍ക്കാര്‍ നോക്കുകുത്തിയായതോടെ കേരളത്തില്‍ ഉദ്യോഗസ്ഥന്മാര്‍ ഭരിച്ചു മുടിക്കുന്നു. ഇതിനിടയില്‍ മികച്ച ഉദ്യോഗസ്ഥന്മാര്‍ കേരളം വിടുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം അപ്രിയ സത്യങ്ങള്‍ പറയാന്‍ മടിക്കാത്ത ഐ.എ.എസുകാര്‍ പറയത്തക്ക ജോലിയൊന്നുമില്ലാതെ സമയം പോക്കുന്നു.
മണല്‍ ലോറിക്കാരനാണെന്ന ഭാവത്തില്‍ വേഷം മാറിയെത്തിയ എസ്. പിയില്‍ നിന്നും കൈക്കൂലി വാങ്ങി കഴിഞ്ഞ ദിവസം രണ്ടു പോലീസുകാര്‍ക്ക് പണി കിട്ടി. എസ്.പിയില്‍ നിന്നും 100 രൂപയാണ് പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. എസ്.പിയാണെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ആര്‍. നായര്‍ പോലീസുകാര്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 800 രൂപയും കണ്ടെടുത്തു.
രാത്രി കാലങ്ങളില്‍ ചരക്ക് വാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് കേരളത്തില്‍ പതിവാണ്. നേരത്തെ ഋഷിരാജ്‌സിംഗ് തിരുവനന്തപുരം കമ്മീഷണറായിരിക്കെ ഇത്തരത്തില്‍ വേഷം മാറിയെത്തുകയും കൈക്കൂലിക്കാരെ പിടികൂടുകയും ചെയ്‌തിരുന്നു.
കൈക്കൂലി വാങ്ങി വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണ് പതിവ്. രാത്രികാലങ്ങളില്‍ അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനാണ് പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ സംവിധാനം കൈക്കൂലിക്ക് വേണ്ടിയുള്ളതാണെന്നാണ് പോലീസുകാരുടെ ധാരണ.
ചാല ദുരിതബാധിതരില്‍ നിന്നും പണം പിരിച്ച് ജില്ലാകളക്‌ടര്‍ക്ക് സ്വീകരണം നല്‍കിയതും വിവാദമായി കഴിഞ്ഞു. ടാങ്കര്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിച്ച നഷ്‌ടപരിഹാരതുകയില്‍ നിന്നാണ് പിരിവെടുത്ത് ജില്ലാകളക്‌ടര്‍ക്ക് സ്വീകരണം നല്‍കിയത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു. 54,700 രൂപയാണ് പിരിച്ചെടുത്തത്. 17,800 രൂപയുടെ ഉപഹാരമാണ് കളക്‌ടര്‍ സ്വീകരിച്ചത്. 50,652 രൂപ സ്വീകരണ സമ്മേളനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കരയുന്നവന്റെ കണ്ണീര്‍ സ്വീകരിച്ച കളക്‌ടറെ സമ്മതിക്കണം!
ഡോ. വി.പി. ജോയ്, രാജീവ് സദാനന്ദന്‍ തുടങ്ങിയ പ്രഗല്‌ഭരായ ഐ.എ.എസുകാര്‍ സംസ്ഥാനം വിടുന്നു. വിവിധ വകുപ്പുകളില്‍ പ്രാഗല്‌ഭ്യം തെളിയിച്ച ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ രാജുനാരായണസ്വാമി, കെ. സുരേഷ്‌കുമാര്‍ തുടങ്ങിയ മികച്ച ഉദ്യോഗസ്ഥര്‍ പണിയൊന്നുമില്ലാതെ കഴിയുന്നു. മന്ത്രിമാരുമായുള്ള അഭിപ്രായ വ്യത്യാസമാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha