അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്ന കാര്യമാണ് പിണറായിയും തിരുവഞ്ചൂരും ഫോണില്‍ സംസാരിച്ചത്
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉപരോധ സമരം തീരുന്ന ദിവസം ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരണം. സോളാര്‍ തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്നതില്‍ ചര്‍ച്ചയാകാമെന്ന് പിണറായിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിച്ച ദിവസമാണ് പിണറായിയുമായി ഫോണില്‍ സംസാരിച്ചതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് ഉപരോധസമരം പിന്‍വലിച്ചത് യുഡിഎഫുമായി ഒത്തുതീര്‍പ്പിലെത്തിയതു കൊണ്ടാണെന്നുളള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ ആരോപണം തള്ളി. പിണറായിയെ ഫോണില്‍ വിളിച്ചെന്ന കാര്യം നേരത്തെ തന്നെ തിരുവഞ്ചൂര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ടല്ല സംസാരിച്ചതെന്നും ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു അന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്. സമരം അക്രമാസക്തമാകുമെന്ന ഘട്ടത്തില്‍ നേരിട്ടെത്തി പ്രവര്‍ത്തകരെ ശാന്തരാക്കിയതിന് അഭിനന്ദിക്കാനാണ് വിളിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.
തിരുവഞ്ചൂരുമായി ഫോണില്‍ സംസാരിച്ചെന്ന് സമ്മതിച്ച പിണറായി എന്നാല്‍ എന്തുകാര്യവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha