സോളാര്‍ വിവാദം എരിഞ്ഞടങ്ങിയപ്പോള്‍ ചെന്നിത്തല പണി തുടങ്ങി; ഉമ്മന്‍ചാണ്ടി പ്രതിരോധത്തില്‍
സോളാര്‍ വിവാദം എരിഞ്ഞടങ്ങിയപ്പോള്‍ നിരാശനായ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചു. വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത് ഇതിന്റെ ഭാഗമായാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുന്നതിനൊപ്പം ജനശ്രദ്ധപിടിച്ചു പറ്റുകയും ചെയ്യാം. സാധാരണ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങളിലാണ് പ്രസിഡന്റ് ഉന്നയിക്കാറ്. ഡല്‍ഹി ചര്‍ച്ചയ്‌ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ആശയവിനിമയം പോലും നടത്തിയിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ഉമ്മന്‍ചാണ്ടി തുടരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് ചെന്നിത്തലയോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സ്ഥിതിയില്‍ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ കഴിഞ്ഞ തവണ ലഭിച്ച 13 സീറ്റില്‍ നാലെണ്ണം പോലും തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസിന് വിശ്വാസമില്ല. ഉമ്മന്‍ചാണ്ടിക്കെതിരായ വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ സജീവമാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നലെ കത്തെഴുതിയത്. കത്ത് മാധ്യമസ്ഥാപനങ്ങളില്‍ ഫാക്‌സ് ചെയ്‌തു. സാധാരണ അങ്ങനെയല്ല കീഴ്‌വഴക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അതേസമയം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറക്കിവിട്ടാല്‍ രമേശ് വലിയ വില നല്‍കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള, പ്രാദേശിക പ്രവര്‍ത്തകരുമായി വരെ അടുപ്പമുള്ളയാളാണ് ഉമ്മന്‍ചാണ്ടി. കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ അദ്ദേഹം ചെന്നിത്തലയ്‌ക്കെതിരെ നീങ്ങും. 1992ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ രാജിവപ്പിച്ച ശേഷമാണ് വിശ്രമിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആഭ്യന്ത്രവകുപ്പ് ഏറ്റെടുത്ത ശേഷം സോളാര്‍ കേസിലെ പ്രധാനപ്പെട്ട രേഖകള്‍ കൈക്കലാക്കുകയും അന്വേഷത്തിലൂടെ ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ഐ ഗ്രൂപ്പ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha