വിതുര കേസും ഒത്തു തീര്‍ത്തു; മറിഞ്ഞത് കോടികള്‍
അധികമാരും അറിയാതെ ഒരു പീഡനകേസ് ഒത്തുതീര്‍ന്നു. വിതുര പെണ്‍വാണിഭ കേസാണ് ഒത്തു തീര്‍ത്തത്. കോടികള്‍ മറിച്ചാണ് കുറ്റക്കാര്‍ രക്ഷപ്പെട്ടത്.
വിതുര പെണ്‍വാണിഭത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1995 നവംബറിലാണ് സംഭവം. നൂറുകണക്കിനാളുകള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ആകെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.
കോട്ടയത്തെ പ്രത്യേക കോടതി കേസ് വിചാരണക്കെടുത്തിട്ടും പെണ്‍കുട്ടി ഹാജരായിരുന്നില്ല. ഒടുവില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും സമയം കളയരുതെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴാണ് പെണ്‍കുട്ടി കോടതിയിലെത്തിയത്.
വിതുര പെണ്‍വാണിഭ കേസിലെ പ്രതികളെ തനിക്ക് തിരിച്ചറിയാന്‍ കഴിവില്ലെന്നാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്. പീഡനം നടന്ന കാര്യം സത്യമാണെന്നും എന്നാല്‍ പീഡിപ്പിച്ചവരെ തിരിച്ചറിയാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്‌തരിക്കാന്‍ കോടതി തീരുമാനിച്ചു. നാലു കേസുകളിലെ പ്രതികളാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. വിചാരണ 13 ലേയ്‌ക്ക് മാറ്റി.
പീഡിപ്പിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ്സുണ്ടായിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ നടക്കുന്നത്. സുരേഷാണ് ഒന്നാം പ്രതി. ജോലി വാഗ്‌ദാനം നല്‍കി തന്നെ അജിത എന്ന യുവതി സുരേഷിന് കൈമാറിയെന്നാണ് കേസ്.
സിനിമാക്കാരും രാഷ്‌ട്രീയക്കാരും ഉള്‍പ്പെട്ടതാണ് വിതുര കേസ്. എന്നാല്‍ പ്രമുഖരായ പലരും പ്രതിയാക്കപ്പെട്ടില്ല. സാധാരണ പീഡനങ്ങളിലെന്ന പോലെ ചെറിയ മത്സ്യങ്ങളാണ് വലയില്‍ കുടുങ്ങിയത്. എന്നാല്‍ അപകടം സംഭവിക്കരുതെന്ന് കരുതി പ്രതികളെ സഹായിക്കാന്‍ പ്രമുഖര്‍ രംഗത്തുണ്ട്. പ്രതികള്‍ തങ്ങളുടെ പേരു പറയുമോ എന്ന് പ്രമുഖര്‍ ഭയപ്പെടുന്നുമുണ്ട്.
https://www.facebook.com/Malayalivartha