ഇമേജ് ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടി കുരുക്കില്‍ വീണു
ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്നെയും ഓഫീസിനെയും ഉള്‍പ്പെടുത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഇമേജ് ലക്ഷ്യമിട്ട്. ഘടകകക്ഷികള്‍ കൈയ്യൊഴിഞ്ഞതോടെ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരേണ്ടതില്ലെന്ന് ഘടകകക്ഷി നേതാക്കളെ കൊണ്ട് പറയിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.
എന്നാല്‍ ഘടകകക്ഷികളുമായി ഉഭയകക്ഷിചര്‍ച്ചയില്‍ ഇത്തരമൊരാവശ്യം ആരും മുന്നോട്ടുവച്ചില്ല. പകരം ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രി വന്നാലുള്ള വരുംവരായ്‌കകള്‍ മന്ത്രി കെ.എം.മാണി മാത്രം സൂചിപ്പിച്ചു.
മുന്നണിയിലും പാര്‍ട്ടിയിലും ഭിന്നാഭിപ്രായം രൂപപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ എടുത്തു ചാട്ടം അബദ്ധമാകാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് രമേശ്‌് ചെന്നിത്തല പ്രസ്‌താവനയ്‌ക്കുള്ളിലെ കുരുക്ക് മനസ്സിലാക്കുകയും മുഖ്യമന്ത്രിക്ക് എന്തു തീരുമാനവും എടുക്കാമെന്ന് പറഞ്ഞ് നിശബ്‌ദനായതേയുള്ളൂ.
ഇടതു സര്‍ക്കാരിന്റെ കാലത്ത് സോളാറുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ പി. ആര്‍. ഡി മേധാവി ഫിറോസിനെതിരെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ഇതില്‍ ഇടതുമുന്നണി നേതൃത്വത്തിന് അങ്കലാപ്പില്ല കാരണം ഇടതുമുന്നണിയിലെ നേതാക്കള്‍ക്ക് സോളാറുമായി ബന്ധമുണ്ടായിരുന്നില്ല. ബിജു രാധാകൃഷ്‌ണനും സരിതയും അക്കാലത്ത് സ്വാധീനിച്ചത് നേതാക്കളെയല്ല ഉദ്യോഗസ്ഥരെയായിരുന്നു.
അന്വേഷണം സത്യസന്ധമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട ചെറു ഘടകകക്ഷികള്‍ക്ക് മുമ്പിലാണ് തനിക്കും അന്വേഷണ പരിധിയില്‍ വരുന്നതിനോട് വിരോധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതില്‍ സംപ്രീതനായ നേതാക്കള്‍ മുഖ്യമന്ത്രിയെ തടഞ്ഞില്ലെന്ന് മാത്രമല്ല ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി കൊടുക്കുകയും ചെയ്‌തു.
അതെന്തായാലും പ്രസ്‌താവന ഉമ്മന്‍ചാണ്ടിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തിട്ടുണ്ട്. എന്തും അന്വേഷിക്കാമെന്ന അദ്ദേഹത്തിന്റെ നിലപാട് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്നാണ് ജനം ചോദിക്കുന്നത്. പ്രസ്‌താവനയിലൂടെ താന്‍ ലക്ഷ്യമിട്ട ഇമേജ് ഇതിനകം ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചു കഴിഞ്ഞു. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. കാരണം ജോപ്പന്റെ ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു.
https://www.facebook.com/Malayalivartha