സലിംരാജ് യു.ഡി.എഫിന് തലവേദനയാകുന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് യു.ഡി.എഫിന് തലവേദനയാകുന്നു. മുഖ്യമന്ത്രി വെറുമൊരു ഗണ്‍മാനെ അമിതമായി സംരക്ഷിക്കുന്നതിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലും വലിയ തിരിച്ചടിയാകുമെന്ന് ഘടകക്ഷിനേതാക്കള്‍ അദ്ദേഹത്തെ നേരിട്ടറിയിച്ചു. പൊലീസില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ സലിംരാജിനെ മേലുദ്യോഗസ്ഥര്‍ക്കടക്കം ഭയമാണ്. ഇടുക്കിയില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് എസ്.ഐയെ തല്ലിയാണ് ഇയാള്‍ ആദ്യം വിവാദം സൃഷ്ടിച്ചത്. പിന്നീട് പൊലീസ് ക്വാട്ടേഴ്‌സ് അനധികൃതമായി കൈവശം വക്കുകയും വാടകയ്‌ക്ക് കൊടുക്കുകയും ചെയ്‌തു. എന്‍.ഡി.എഫ് പോലുള്ള ചില സംഘടനകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നറിയുന്നു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സലിംരാജിനെ ഗണ്‍മാനായി വേണമെന്ന് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. അന്ന് ഇടുക്കിയിലെ കോണ്‍ഗ്രസുകാര്‍ വാര്‍ത്തയറിഞ്ഞ് ഞെട്ടി. സലിംരാജിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചെങ്കിലും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനു പുറമേ സ്‌പെഷ്യല്‍ ബ്രാഞ്ചും മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നെയും എന്തിനാണ് സലിംരാജിനെ സംരക്ഷിച്ചതെന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ദുരുപയോഗം ചെയ്‌ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകള്‍ സലിംരാജ് നടത്തിയിരുന്നു.
എറണാകുളത്തടക്കം പലരെയും ഭീഷണിപ്പെടുത്തി ഭൂമി വാങ്ങിയിട്ടുണ്ട് സലിംരാജ്. ഇതേ തുടര്‍ന്ന് ഒരാള്‍ കോടതിയില്‍ പരാതി നല്‍കി. ആ കേസില്‍ സലിംരാജിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദരേഖകളടക്കം പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ല. അതിനെതിരെ കോടതി പരാമര്‍ശം വരെ നടത്തി. അതിനാല്‍ സലിംരാജിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഘടകക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ പലരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റിന് പലരും കത്തയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha