മലബാറില്‍ കുട്ടിക്കല്യാണങ്ങള്‍ പൊടി പൊടിക്കുന്നു, പള്ളിക്കമ്മറ്റിയുടേയും വീട്ടുകാരുടേയും സാന്നിധ്യത്തില്‍ പതിനാറുകാരിയ്‌ക്ക് നിക്കാഹ്
മനസാക്ഷിയെ ഞെട്ടിച്ച അറബി കല്യാണത്തിനു ശേഷവും മലബാറില്‍ നിന്നും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. മലബാറിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് ഒരാളുടെ കൈയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാനാണ് വലിയൊരു ശതമാനം രക്ഷിതാക്കളുടേയും മോഹം. അങ്ങനെ മലബാറില്‍ ശൈശവ വിവാഹങ്ങള്‍ അഭംഗുരം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വിവാഹപ്രായം 16 ആക്കി സര്‍ക്കാരിന്റെ നിയമം വന്നത്. ഇത് നേരത്തേ വിവാഹം കഴിച്ചവര്‍ക്കും കഴിക്കാന്‍ ഒരുങ്ങിയിരുന്നവര്‍ക്കും ഒരനുഗ്രഹമായി. എന്നാല്‍ ജനരോക്ഷം ഭയന്ന് വിവാഹപ്രായം സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തി. പലരും അതൊന്നും കാര്യമാക്കാതെ തങ്ങളുടെ മക്കളുടെ കല്യാണം ചെറുപ്രായത്തില്‍ തന്നെ നടത്തിക്കൊണ്ടിരുന്നു. അതിനിടയ്‌ക്കാണ് അറബി കല്യാണം വിവാദമായത്. ഇതോടെ ചിലരെല്ലാം മകളുടെ വിവാഹം പ്രായപൂര്‍ത്തിയാകുന്നതുവരെ നീട്ടിവയ്‌ക്കുകയും ചെയ്‌തു. എങ്കിലും നല്ലൊരു ശതമാനം ആള്‍ക്കാരും മകളെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഇതിനിടയ്‌ക്ക് കോഴിക്കോട്ടു നിന്നുള്ള മറ്റൊരു ശൈശവ വിവാഹം കൂടി ലോകമറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് നൈനാംവളപ്പില്‍ താമസിക്കുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് വീട്ടുകാരുടെ അറിവോടെ നടന്നത്. പരസ്യ ചടങ്ങുകള്‍ ഒഴിവാക്കി വൈകീട്ടാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. സ്ഥലത്തെ പള്ളിക്കമ്മിറ്റിയുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.
ശൈശവ വിവാഹത്തെക്കുറിച്ച് പോലീസിനെയും ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിനെയും വിവരമറിയിച്ചിട്ടും തടഞ്ഞില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നിരവധി ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിവാഹം നടന്നിട്ടില്ലെന്നും വളയിടല്‍ മാത്രമാണ് നടന്നതെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശദീകരണം.
പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ പോയി Like ചെയ്യുക
https://www.facebook.com/Malayalivartha