റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തി, ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തിയതായി കണ്ടെത്തി. ഒളിവിലായിരുന്ന റിപ്പര്‍ കൊടകര ക്ഷേത്രത്തിലെ നാല് താഴികക്കുടങ്ങളാണ് മോഷ്ടിച്ചത്. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഉപയോഗിച്ച രണ്ടു സിം കാര്‍ഡുകളും മോഷ്ടിച്ചവയാണെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലായാണ് ജയാനന്ദന്‍ ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെ തൃശൂരില്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിലും സാഹിത്യ അക്കാഡമിയുടെ സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തുവെന്ന് ജയാനന്ദന്‍ പോലീസിനോട് പറഞ്ഞു.
തൃശ്ശൂരില് നെല്ലായിയില്‍ നിന്നും പുതുക്കാട് പോലീസ് തിങ്കളാഴ്ചയാണ് വൈകീട്ട് നാലിനാണ് ജയാനന്ദനെ അറസ്റ്റ് ചെയ്തത്. റോഡ് ക്രോസ് ചെയ്യുന്നതിനിടയില് പൊലീസ് കാണുകയും സംശയം തോന്നിയ ഇയാളെ പിടിക്കുകയുമായിരുന്നു.
ജൂണ്‍ പത്തിനാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കുപ്രസിദ്ധി കുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ ഊപ്പന്‍ പ്രകാശ് എന്ന പ്രകാശനുമാണ് ജയില്‍ ചാടിയത്. പുലര്‍ച്ചെ നാലരയ്ക്ക് വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയ വിവരം പുറത്തറിയുന്നത്.
ഇരട്ടക്കൊലപാതക കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസുകളിലും 14 കവര്‍ച്ചാക്കേസുകളും പ്രതിയാണ് കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍. കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ തടവ് ചാടിയത്. ഇതിനിടയില്‍ പ്രകാശ് പോലീസ് പിടിയിലായെങ്കിലും റിപ്പര്‍ ജയാനന്ദനെ കിട്ടിയില്ല.
https://www.facebook.com/Malayalivartha