അവസാനം സലിംരാജും കസ്റ്റഡിയില്‍, സലീം രാജിനെ പ്രത്യേക ജയിലിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവ്, ഇനിയുംവാദിക്കാന്‍ അഡ്വക്കേറ്റ്‌ജനറല്‍ വരുമോ?
സലീം രാജിനെ പ്രത്യേക ജയിലിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവ്. തന്നെ പ്രത്യേക ജയിലിലേയ്ക്ക് മാറ്റണമെന്ന് സലീംരാജ് കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് നല്‍കിയത്. തന്നെ ജില്ലാ ജയിലിലേയ്ക്ക് അയക്കരുതെന്ന് സലീംരാജ് കോടതിയില്‍ ആവശ്യപ്പെട്ടു. ടിപി വധക്കേസിലെ പ്രതികള്‍ ഉള്ളതിനാലാണിതെന്നും സലീം രാജ് കോടതിയില്‍ വ്യക്തമാക്കി. സലീംരാജിന്റെയും സംഘത്തിന്റെയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സോളാര്‍ കേസില്‍ ആരോപണ വിധേയനായ സലിംരാജ് മറ്റൊരു കേസില്‍ തികച്ചും നാടകീയമായി നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ കരിക്കാകുളത്ത് ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പ്രസന്നന്‍, റഷീദ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ് കാറിനെ സലിം രാജും സംഘവും ഇന്നോവ കാറില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കരിക്കാകുളത്ത് വച്ച് സ്വിഫ്‌റ്റ് കാറിനു മുന്നില്‍ കാര്‍ നിര്‍ത്തി കാറിലുണ്ടായിരുന്ന സ്‌ത്രീയെ ബലമായി പിടിച്ച് സലിംരാജ് തന്റെ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇവരെ ഇരുപത് മിനുറ്റോളം നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ സ്ത്രീ ബന്ധുവാണെന്നാണ് മാധ്യമപ്രവര്‍ത്തരോടും പോലീസിനോടും സലീം രാജ് പറഞ്ഞിരുന്നത്. പിന്നീട് സ്ത്രീ തന്റെ ബന്ധുവല്ലെന്ന് സലീംരാജ് സമ്മതിച്ചു.
പ്രദേശത്ത് പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ വിട്ടു നല്‍കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് എം.എല്‍.എ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചക്ക് ശേഷമാണ് ഇവരെ പോലീസിന് വിട്ടുകൊടുത്തത്. സ്വിഫ്റ്റ് കാറില്‍ സ്വര്‍ണവും പണവും ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്‌ത സലിംരാജിനെ കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയതു. കുറച്ചു മാസം മുമ്പ് കാണാതായ യുവതിയെ തേടിയാണ് ഗുണ്ടകളോടൊപ്പം സലിംരാജ് കോഴിക്കോട്ടെത്തിയത്. ഇതില്‍ പിടികിട്ടാ പുള്ളിയുമുണ്ടായിരുന്നു. മറ്റൊരു മതക്കാരനോടൊപ്പം പോയ യുവതി കോഴിക്കോട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ കോഴിക്കോട്ടെത്തി. അങ്ങനെയാണ് യുവതി സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് യുവതിയെ പിടിച്ചിറക്കി തന്റെ കാറില്‍ കയറ്റിയത്. ഒരു പ്രവാസി മലയാളിക്ക് വേണ്ടി സലിംരാജ് കൊട്ടേഷന്‍ ഏറ്റെടുത്തതാണെന്ന വാര്‍ത്തയുമുണ്ട്.
ജോപ്പനെ അറസ്റ്റു ചെയ്‌തിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായ സലിംരാജിനെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന ആരോപണം നേരത്തേയുണ്ടായിരുന്നു. ഇതിനിടെ സലിംരാജിനെ ന്യായീകരിക്കാന്‍ രണ്ടു പ്രാവശ്യം അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് കോടതിയില്‍ എത്തിയതിനെ വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവരും വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha