തരൂരിന് വീണ്ടും നാക്കുപിഴ; സ്വാമി വിവേകാനന്ദന്‍ മദ്യപാനിയോ?
സ്വാമി വിവേകാനന്ദന്‍ കള്ള് കുടിക്കുമായിരുന്നോ? മാംസം കഴിക്കുമായിരുന്നോ? പാവം തലസ്ഥാനവാസികള്‍ക്കാണ് സംശയം. തിരുവനന്തപുരത്തിന്റെ സ്വന്തം എം.പിയും കേന്ദ്രത്തിലെ ഗ്ലാമര്‍മന്ത്രിയുമായ ഡോ.ശശിതരൂരാണ് പാവം വിവേകാനന്ദന് ചില വിശേഷണങ്ങള്‍ ചാര്‍ത്തി കൊടുത്തത്.
ഇന്ത്യയുടെ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് പറയേണ്ട വേദിയില്‍ അദ്ദേഹത്തെ മദ്യപാനിയും മാംസഭുക്കും ആക്കി മാറ്റിയത് ശശിതരൂരിന്റെ നാക്കിലെ ഗുളികന്‍ തന്നെയാണ്. സംഘപരിവാറിനോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒരിക്കല്‍ നരേന്ദ്രമോഡിയോട് ഏറ്റുമുട്ടിയ ശശിതരൂരിനെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരുവനന്തപുരത്തുകാര്‍ വെറുതെ വിടുമോ എന്ന് കണ്ടറിയണം. ട്വിറ്റര്‍, ഫേസ്‌ബുക്ക് പ്രയോഗങ്ങളിലൂടെ മുമ്പും ശശിതരൂര്‍ വിവാദനായകനായിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിക്കാന്‍ ശശിതരൂര്‍ ഇതിനകം ചരടു വലിച്ചു കഴിഞ്ഞു. ശശിതരൂരിനെ സഹായിക്കുന്ന ഏക ഘടകം അദ്ദേഹത്തിന്റെ ഗ്ലാമറാണ്. തെരഞ്ഞെടുപ്പ് കടുത്തതോടെയാണ് ശശിതരൂര്‍ തിരുവനന്തപുരത്തെത്തിയത്. വിവിധ പരിപാടികളില്‍ സജീവമായ തരൂര്‍ തിരുവനന്തപുരത്ത് ചുവടുറപ്പിച്ചെങ്കിലും ജനപിന്തുണയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്.
നായര്‍ വോട്ടുകള്‍ ഏറെയും തിരുവനന്തപുരത്ത് വിവേകാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശം ഏതു നിലയില്‍ വന്നു ചേരുമെന്ന് കണ്ടറിയണം. ശിവകുമാറിന് നേരത്തെ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചതിലൂടെ എന്‍.എസ്.എസിനും തരൂര്‍ വേണ്ടാതായി. എന്‍.എസ്.എസ് ആകട്ടെ കോണ്‍ഗ്രസിന് എതിരുമാണ്.
ഇതിനിടയില്‍ ബുധനാഴ്‌ച സ്‌ക്കൂളുകളിലും ഓഫീസുകളിലും എത്താനാകാതെ ഗതാഗതക്കുരുക്കില്‍ പെട്ട് ജനം വലഞ്ഞപ്പോള്‍ അവരുടെ എം പിയായ ശശിതരൂര്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ നിരാശരായ ജനങ്ങള്‍ക്ക് മുമ്പിലൂടെ ചിന്നംപിന്നം പാഞ്ഞതും അദ്ദേഹത്തിന് വിനയായി.
ശശിതരൂരിനാകട്ടെ പറയത്തക്ക വികസന നേട്ടങ്ങളൊന്നും തന്നെയില്ല; ഹൈമാസ്റ്റ് ലൈറ്റുകള്‍ ഒഴിച്ച്.
ജോസ് കെ. മാണിയെ പോലെ നവാഗതരായ എം.പിമാര്‍ക്ക് പോലും ചില അന്തര്‍ദ്ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മണ്‌ഡലത്തില്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടും മാനവശേഷിമന്ത്രിയായ ശശിതരൂരിന് പേരിനൊരു സ്ഥാപനം പോലും തിരുവനന്തപുരത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha