ശ്രീദേവിയും പൃഥിരാജുമെത്തി, മലയാള സിനിമ തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയതായും താന്‍ ഒരിക്കലും മലയാളത്തെ മറക്കിലെന്നും ശ്രീദേവി
ബോളിവുഡ് നടി ശ്രീദേവിയും മലയാളത്തിന്റെ പൃഥിരാജിന്റെയും സാനിധ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരിതെളിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അണിനിരന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം പകര്‍ന്നു. ഏഴ് ദിവസമാണ് പരിപാടി. ഓണാഘോഷം എല്ലാ വൈവിധ്യങ്ങളേയും അകറ്റി മലയാളിയെ ഒന്നാക്കുന്ന കൂട്ടായ്മയാണെന്നും ഓണം ഓരോ മലയാളിയുടേയും അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന ഒരു സ്വപ്നമായിരുന്നു മാതൃഭാഷക്ക് ശ്രേഷ്ഠഭാഷാപദവി ലഭിക്കുക എന്നത്. ആ ലക്ഷ്യം നിറവേറ്റിയതിനു ശേഷമുള്ള ആദ്യത്തെ ഓണമായതിനാല്‍ ഇത്തവണത്തെ ആഘോഷത്തിന് പതിന്‍മടങ്ങ് മാറ്റ്കൂട്ടുന്നൂവെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
എന്തൊക്കെ ആഘോഷങ്ങളുണ്ടെങ്കിലും ഓണത്തിന്റെ പൊലിമ നഷ്ടപ്പെടുന്നില്ല എന്നതിനു കാരണം അത് മനസുകളില്‍ ആഘോഷിക്കപ്പെടുന്നത് കൊണ്ടാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.
മഹാവിഷ്ണുവിനേയും മഹാബലിയേയും ഒരുപോലെ ആരാധിക്കുന്നവരാണ് മലയാളികളെന്നും ഓണം മാനവ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും മഹത്തായ ആശയമാണ് വിളംബരം ചെയ്യുന്നതെന്നും ഓണസന്ദേശത്തില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത നടി ശ്രീദേവികപൂറിനേയും നടന്‍ പൃഥ്വിരാജിനേയും സര്‍ക്കാറിന്റെ ഉപഹാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. മലയാള സിനിമ തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയതായും താന്‍ ഒരിക്കലും മലയാളത്തെ മറക്കിലെന്നും ഉപഹാരം ഏറ്റുവാങ്ങി ശ്രീദേവി പറഞ്ഞു. മലയാളത്തില്‍ സംസാരം തുടങ്ങിയ ശ്രീദേവി സംസ്ഥാനതല ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സദസ്സിനോട് പങ്കുവെച്ചു. ജാതിമത ചിന്തകള്‍ക്കതീതമായി നന്മ മാത്രം ലക്ഷ്യമിട്ട് എല്ലാവരാലും ആഘോഷിക്കപ്പെടുന്നതാണ് ഓണം. ഈ നന്മയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നതും ഉപഹാരം ഏറ്റുവാങ്ങികൊണ്ട് നടന്‍ പൃഥ്വിരാജ് പറഞ്ഞു.
കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍നായരേയും വില്‍പ്പാട്ട് ആചാര്യന്‍ തലയില്‍ കേശവന്‍ നായരേയും ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ശശിതരൂര്‍ ആദരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ വിശിഷ്ടാതിഥികള്‍ക്ക് ഓണക്കോടി നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.എല്‍.എമാരായ പാലോട് രവി, എം.എ.വാഹിദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് ഗാന്ധിമതി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അമ്മ മലയാളം എന്ന പ്രത്യേക പരിപാടിയും ജയ്ഹിന്ദ് ടി.വി. ഒരുക്കിയ മെഗാഷോയും അരങ്ങേറി. പെരുവനം കുട്ടന്‍മാരാരും 101 കലാകാരന്‍മാരും ചേര്‍ന്ന അവതരിപ്പിച്ച ഇലഞ്ഞിത്തറ പാണ്ടിമേളത്തോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. ഇന്ന് മുതല്‍ തലസ്ഥാനത്തെ 27 വേദികളില്‍ ഓണാഘോഷത്തിന്റെ ലഹരി നിറയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha