എല്ലാം ജനങ്ങള്‍ക്കിരിക്കട്ടെ, ചിരിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാര്‍... ജീവനക്കാരുടെ ആനുകൂല്യങ്ങളോ, സൗജന്യ പാസുകളോ നിര്‍ത്തലാക്കില്ല, ബസ്‌ചാര്‍ജ് വര്‍ധിപ്പിക്കും, മിനിമം യാത്രാക്കൂലി 7 രൂപയാക്കും
സുപ്രീം കോടതി വിധിയുടെ മറവില്‍ കേരളത്തില്‍ വരാന്‍ പോകുന്നത് വന്‍ ബസ് ചാര്‍ജ് വര്‍ധനവാണ്. കെഎസ്‌ആര്‍ടിസിയ്‌ക്ക് നല്‍കുന്ന ഡീസല്‍ സബ്‌സിഡി ഒഴിവാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്ന് നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്‌ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 2227 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരുന്നു. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടിസിയില്‍ 1200ഓളം എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനും, പി.എസ്.സി വഴി കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള തീരുമാനം മരവിപ്പിക്കാനും സാധ്യതയുണ്ട്.
ഇപ്പോഴത്തെ നിലയില്‍ ഒരുലിറ്റര്‍ ഡീസലിന് കെഎസ് ആര്‍ടിസി 17.50 രൂപ അധികം നല്‍കണം. ഇത് മറികടക്കാനായുള്ള ചര്‍ച്ചകള്‍ അവസാനം ചെന്നെത്തിയത് ബസ് ചാര്‍ജ് വര്‍ധനവിലേക്കാണ്.
കെഎസ്‌ആര്‍ടിസിയുടെ നഷ്‌ടം കുറയ്‌ക്കുന്നതിനായിട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചില ഇളവുകള്‍ ഉണ്ടാകും. എങ്കിലും ബസ്‌ചാര്‍ജ് കൂട്ടും. കാരണം സ്വകാര്യ ബസുടമകള്‍ ഇതിനോടകംതന്നെ ബസ്‌ചാര്‍ജ് കൂട്ടണമെന്ന് പറഞ്ഞു കഴിഞ്ഞു. സ്വകാര്യ ബസുടമകളുടെ സമരത്തില്‍ ബസ്‌ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള ഉറപ്പും അവര്‍ക്ക് ലഭിച്ചിരുന്നതായി പറയുന്നു. ചാര്‍ജ് വര്‍ധനവിനെപ്പറ്റി പഠിക്കുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബസ്‌ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കമ്മീഷന്റെ സിറ്റിംഗില്‍ ചാര്‍ജ് വര്‍ധനവിനെപ്പറ്റിയുള്ള സ്വകാര്യബസുടമകളുടെ ആവശ്യത്തെ എതിര്‍ക്കേണ്ടെന്നാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം.
ഓര്‍ഡിനറി ബസുകളുടെ മിനിമം യാത്രാക്കൂലി ആറില്‍ നിന്നും എട്ട് രൂപയാക്കണമെന്നാണ് സ്വകാര്യബസുടമകളുടെ ആവശ്യം. ഇതോടൊപ്പം യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കണം. ലോക്‌സഭാ ഇലക്ഷന്‍ വരുന്നതിനാല്‍ വലിയ തോതിലുള്ള ചാര്‍ജ് വര്‍ധന പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ 1 രൂപ കുറച്ച് മിനിമം 7 രൂപയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും.
എന്തായാലും സുപ്രീം കോടതിവിധി സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് അനുഗ്രഹമാണ്. കെഎസ്‌ആര്‍ടിസിയുടെ നഷ്‌ടം നികത്താന്‍ എത്രരൂപ കൂട്ടിയാലും അതിന്റെ ഗുണഫലം കിട്ടുന്നത് സ്വകാര്യ ബസ് ഉടമകള്‍ക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha