സന്യാസിയാകാന്‍ കൊതിച്ച് അവസാനം എത്തിയത് ചുവപ്പ് കോട്ടയില്‍, കര്‍ശനനിലപാടിലൂടെ സിപിഎമ്മിനെ പോലും വിരട്ടിയ ധീര സഖാവിന് ലാല്‍ സലാം
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
1928 ല്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ജനനം. സന്ന്യാസിയാവാന്‍ കൊതിച്ച് കമ്മ്യൂണിസ്റ്റ് നേതാവായിത്തീര്‍ന്നതാണ് വെളിയം ഭാര്‍ഗവന്റെ ചരിത്രം. ചെറുപ്പകാലത്തു തന്നെ ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലും വേദങ്ങളിലും ഉപനിഷത്തുകളിലുമെല്ലാം അഗാധമായ അറിവു നേടിയ വെളിയത്തിലെ ആത്മീയചിന്തയെ കമ്മ്യൂണിസത്തിന്റെ ചുവന്ന മണ്ണിലേയ്ക്ക് കൈപിടിച്ചു നയിച്ചത് കൊല്ലം എസ്.എന്‍ . കോളേജിലെ വിദ്യാര്‍ഥി ജീവിതമാണ്. എം. എന്‍ . ഗോവിന്ദന്‍ നായരാണ് വെളിയത്തിലെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചത്.
1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരമാണ് വെളിയത്തിലെ യഥാര്‍ഥ പോരാളിയെ വെളിച്ചത്തുകൊണ്ടുവന്നത്. സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ വെളിയത്തിന് പോലീസ് സ്‌റ്റേഷനില്‍ കൊടിയമര്‍ദനമുറകളാണ് അനുഭവിക്കേണ്ടിവന്നത്. 1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1971 മുതല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കൊല്ലം പ്രാക്കുളം സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. പാര്‍ട്ടി പിളരുമ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പി.കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി 1998 ലാണ് ആദ്യമായി വെളിയം സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിന് മുമ്പ് ഏറെക്കാലം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2010 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കുറേക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പാര്‍ട്ടി പിളര്‍പ്പിന് ശേഷം എം.എന്‍ ഗോവിന്ദന്‍നായര്‍ക്കും ടി.വി തോമസിനും ഒപ്പം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വെളിയം നിര്‍ണായക പങ്കുവഹിച്ചു. മുന്നണി രാഷ്ട്രീയത്തിന്റെ ശക്തനായ പ്രയോക്താവായി വെളിയം രാഷ്ട്രീയചരിത്രത്തില്‍ നിറഞ്ഞു. പ്രഥമകേരള നിയമസഭയുടെ ഭാഗമായ വെളിയം 1960-ല്‍ രണ്ടാം തവണയും ചടയമംഗലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു വെളിയം എന്നും ആഗ്രഹിച്ചിരുന്നത്. ആദര്‍ശവും ഉറച്ചനിലപാടുകളുമായിരുന്നു വെളിയത്തിന്റെ കൈമുതല്‍ . എക്കാലത്തും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു അനുയായികള്‍ ആശാന്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വെളിയം ഭാര്‍ഗവന്‍ .
https://www.facebook.com/Malayalivartha