പേരിനൊരു അപ്പീല്‍, ഐ ഗ്രൂപ്പ് ഇടപെട്ടതോടെ ടി. പി. ചന്ദ്രശേഖരന്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നു
ടി. പി. ചന്ദ്രശേഖരന്‍ കേസില്‍ പ്രത്യേകകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നു. അപ്പീല്‍ നല്‍കേണ്ടതില്ലെന്ന പഴയ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയത് ടി.പി. കേസ് കോണ്‍ഗ്രസിലുയര്‍ത്തിയ ഗ്രൂപ്പ് കൊടുങ്കാറ്റാണ്.
ഉപരോധം പിന്‍വലിക്കാന്‍ സി.പി.എം. നേതാക്കള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രധാനം പ്രത്യേക കോടതിയില്‍ നിന്നും പ്രതികള്‍ക്ക് അനുകൂലമായി വിധിയുണ്ടായാല്‍ അപ്പീല്‍ നല്‍കില്ല എന്നതായിരുന്നു. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്കെതിരെ തെളിവുണ്ടെങ്കിലും അവര്‍ക്ക് നേരേ അന്വേഷണം വ്യാപിപ്പിക്കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് സി.പി.എം നേതാക്കള്‍ പ്രതീക്ഷിച്ചതു പോലെ മാറാട് കോടതിയില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് അനുകൂലമായ വിധിയുണ്ടായത്.
ഉപരോധം പിന്‍വലിക്കാന്‍ ലഭിച്ച ഉറപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി തീരുമാനിച്ചയുടനെയാണ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അപ്പീല്‍ കൊടുക്കണമെന്ന നിലപാടുമായി രംഗത്തെത്തിയത്. തിരുവഞ്ചൂരിന് പണി കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്‌തു. അപ്പീല്‍ നല്‍കണമെന്ന കെ.പി.സി.സിയുടെ ആവശ്യം തള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് തിരുവഞ്ചൂര്‍.
കഴിഞ്ഞദിവസം പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ തിരുവഞ്ചൂര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ വഴി വിവരം ചോരുകയും മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ചെയ്‌തു. തുടര്‍ന്ന് ചര്‍ച്ചയുടെ സ്ഥലം മാറ്റി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള അതിഥി മന്ദിരത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും മന്ത്രിയുമായി ചര്‍ച്ച നടന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സി. കെ. ശ്രീധരനും പി. കുമാരന്‍കുട്ടിയുമാണ് മന്ത്രി തിരുവഞ്ചൂരുമായി ചര്‍ച്ച നടത്തിയത്. 30 മിനിറ്റ് നേരം സംഭാഷണം നീണ്ടു.
പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരോടും പോലീസുകാരോടും സര്‍ക്കാരിന് ഉത്തമ വിശ്വാസമാണെന്ന് പിന്നീട് തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്‌ത പോലെ കണ്ണില്‍ പൊടിയിടാനുള്ള അപ്പീലായിരിക്കും നല്‍കുക. തുടര്‍ന്ന് സര്‍ക്കാര്‍ 'പ്രസ് 'ചെയ്യാനിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha