സില്‍വര്‍ലൈൻ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത് 65 കോടി, 65,000 കോടി രൂപയ്ക്ക് നിര്‍മിക്കുമെന്ന് പറഞ്ഞ പദ്ധതി എവിടെയുമെത്താതെ മുടങ്ങിക്കിടക്കുന്നു, സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതോടെ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടിൽ
കേന്ദ്രാനുമതിയോ, പരിസ്ഥിതി പഠനമോ, പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെ സില്‍വര്‍ലൈന് വേണ്ടി പിണറായി സര്‍ക്കാര്‍ തൊലച്ച് കളഞ്ഞത് നമ്മളോരോരുത്തരും നികിതിയടച്ച 65.65 കോടി രൂപ! പദ്ധതിക്കെതിരെ ഇടത് അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യപരിഷത് ഉള്‍പ്പെടെ രംഗത്തെത്തിയിട്ടും പിന്‍മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറല്ല. എന്തോ വാശിയില്‍ പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചും ആതിലേറെ കെട്ടിടങ്ങള്‍ പൊളിച്ചും വയലുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് മൂടി , കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് നിന്ന് വടക്കേയറ്റമായ കാസര്‍കോടേക്ക് നാല് മണിക്കൂര്‍ കൊണ്ട് കുതിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതോടെ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല കുടുംബങ്ങളും. ണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്ക്കായി മൂന്നു കോടിയും സര്‍വേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും ചെലവിട്ടു. 65,000 കോടി രൂപയ്ക്കു നിര്‍മിക്കുമെന്നു പറഞ്ഞ പദ്ധതിയാണ് എവിടെയുമെത്താതെ മുടങ്ങിക്കിടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കണമെങ്കില്‍ 1.25 ലക്ഷം കോടി ചെലവഴിക്കേണ്ടിവരുമെന്നാണ് സാങ്കേതികവിദഗ്ധര്‍ പറയുന്നത്.
പദ്ധതിക്കായി റെയില്‍വേ ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയെങ്കിലും ദക്ഷിണ റെയില്‍വേ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. റെയില്‍വേ വികസനത്തെയും പാത ഇരട്ടിപ്പിക്കലിനെയും സില്‍വര്‍ലൈന്‍ ബാധിക്കുമെന്ന് റെയില്‍വേ റിപ്പോര്‍ട്ട് പറയുന്നു. 183 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് പാത കടന്നുപോകുന്നതിനു വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സില്‍വര്‍ലൈന്‍ സ്റ്റേഷനു കണ്ടെത്തിയ സ്ഥലം മറ്റു പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്. മാത്രമല്ല സില്‍വര്‍ലൈന്റെ പദ്ധതി ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
നിലവില്‍ നാലര ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടം. അത് കൂടാതെയുള്ള സാമ്പത്തിക പ്രതിസന്ധി വേറെയും. ഇതിനിടയില്‍ കിടന്ന് ഞെരുങ്ങുമ്പോഴും കോടികള്‍ വായ്പയെടുത്ത് പദ്ധതി നടപ്പാക്കുന്നത് കേരളത്തെ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് നയിക്കും. 1975 മുതല്‍ 1985 വരെ 100 രൂപയ്ക്ക് 12.4 രൂപ എന്ന കണക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി സമാഹരിച്ചിട്ടുള്ളത്. 2020-ല്‍ അത് വെറും 8.7 ആയി കുറഞ്ഞു. 2021-22-ല്‍ ഇത് 6.5 രൂപയായി വീണ്ടും കുറഞ്ഞു. ഈ കുറവ് 2020-ല്‍ ഏകദേശം 30,000 കോടിയിലധികം ഉണ്ടായിരുന്നത് ഇപ്പോള്‍ 48000 കോടി രൂപയിലധികമായി.
ഇത്രയും വലിയ തുക പിരിച്ചെടുക്കുന്നതിനു പകരം പൊതുകടം വരുത്താനുള്ള സര്‍ക്കാരിന്റെ ഉത്സാഹവും പോരാതെ ബജറ്റിന് പുറത്തുനിന്നു കടമെടുക്കുന്നതും വരുംകാലങ്ങളില്‍ പൊതു സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകും. നികുതി പിരിക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള യാതൊരു നീക്കവും നടക്കുന്നില്ല. മുതിര്‍ന്ന സി.പി.എം നേതാവ് എം.എം മണിയുടെ സഹോദരന്റെ സ്ഥാപനം ജി.എസ്.ടി വെട്ടിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അവിടെ പരിശോധന നടന്നിരുന്നു.
നികുതി പിരിവില്‍ വലിയ വീഴ്ചയാണ് സംസ്ഥാനം വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ വന്‍കിട ജ്വല്ലറികള്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ വരെ ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരുമായി കേസ് നടത്തുന്നുണ്ട്. ഇവരില്‍ പലരെയും അടുത്തിടെ നടന്ന കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാരാക്കി സര്‍ക്കാര്‍. ഇതോടെ കേസുകളുടെ ഭാവി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയാലും രാഷ്ട്രീയ അനുമതി അനുകൂലമല്ലെങ്കില്‍ തിരിച്ചടിയാകും. ഏറ്റവുമധികം തുകകള്‍ സംഭാവന ചെയ്തവരെയാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച് വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സര്‍ക്കാരുമായി കേസ് നടത്തുന്നവരെല്ലാം പ്രമുഖരാണ്. കല്യാണ്‍, ഭീമ, ജോസ്‌കോ ജ്വല്ലറികള്‍ തുടങ്ങി ഐസിഐസിഐ, കാനറാ ബാങ്കുകള്‍ വരെ പട്ടികയിലുണ്ട്. നികുതിവെട്ടിപ്പോ അല്ലെങ്കില്‍ സമാനമായ മറ്റ് ഗുരുതര കേസുകളിലോ പെട്ട് കേസ് നടത്തുകയാണ് ഈ വമ്പന്മാരെല്ലാം. ഇങ്ങനെ പ്രതിസ്ഥാനത്തുള്ളവരെയാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരാക്കിയത്. വീണി കിട്ടിയ അവസരം മുതലെടുക്കാനായി ഇവരെല്ലാം കാര്യമായി സംഭാവന നല്‍കി. തൃശൂര്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍, സ്‌പെഷല്‍ സര്‍ക്കിളിന് മുന്നിലാണ് കല്യാണ്‍ ജൂവലേഴ്‌സിന് കേസുള്ളത്. തിരുവനന്തപുരം ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ് കമ്മിഷണറാണ് ഭീമക്കെതിരെ കേസ് നടത്തുന്നത്. ജോസ്‌കോ ജ്വല്ലറിക്കെതിരെ കോട്ടയത്ത് രണ്ട് കേസുകളാണുള്ളത്.
കാനറാ ബാങ്കിനെതിരെ അങ്കമാലിയിലും ഐസിഐസിഐക്കെതിരെ പാലക്കാട്ടുമാണ് കേസ്.പട്ടികയില്‍ പേരുള്ള ശ്രീഗോകുലം ഹൗസിങ് കമ്പനിക്കെതിരെ കോട്ടയത്തും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനെതിരെ കൊല്ലത്തും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെതിരെ കേരള അഡ്വാന്‍സ് റൂളിങ് അതോറിറ്റിക്ക് മുന്നിലുമാണ് കേസുകളുള്ളത്.ഇവരെയും സ്വകാര്യ കമ്പനികളുടെയും വെട്ടിപ്പുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും ഔദ്യോഗികമായി ചുമതലയുള്ള ഉദ്യോഗസ്ഥരെ തന്നെ സര്‍ക്കാര്‍ രംഗത്തിറക്കിയായിരുന്നു. ഉത്സവകമ്മിറ്റിക്കാരെ പോലെ ഇത്തരത്തില്‍ ഏറ്റവുമധികം തുക പിരിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ കേരളീയം സമാപനവേദിയില്‍ മുഖ്യമന്ത്രി ആദരിച്ചു.
വേലി തന്നെ വിളവ് തിന്നുന്ന പരിപാടിയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തില്‍ പൊതുഖജനാവിന് പലതരത്തിലും നഷ്ടമുണ്ടാക്കുന്ന പരിപാടികളും മറ്റും ആസൂത്രണം ചെയ്യുന്നതിന് പുറമേയാണ് നടക്കാത്ത പദ്ധതിക്ക് വേണ്ട് 65 കോടിയോളം ചെലവഴിച്ചത്. ക്ഷേമപെന്‍ഷനും സപ്‌ളൈ കോയിലെ സാധനക്ഷാമവും അടക്കമുള്ള സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പണമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പണം പാഴാക്കുകയാണ്. ഇത് ആരെങ്കിലും ചോദ്യം ചെയ്താല്‍ വരുടെ നെഞ്ചത്ത് പൊങ്കാലയിടുകയോ, അല്ലെങ്കില്‍ മുഖ്യമന്ത്രി കണ്ടെത്തിയ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തുകയോ ചെയ്യും.
ആര്‍ക്കും ഒന്നും ചോദിക്കാനോ വിമര്‍ശിക്കാനോ കഴിയാത്ത രീതിയില്‍ മുന്നോട്ട് പോകുന്നതാണ് ഭരണനേതൃത്വത്തിന് ഇഷ്ടം. അതിന് താളം തുള്ളുന്ന കുറേ ഉദ്യോഗസ്ഥരും ഉണ്ട് താനും. രണ്ട് കൂട്ടര്‍ക്കും തങ്ങളുടെ കാര്യങ്ങള്‍ നടക്കണം, അതിന് വേണ്ടി എന്ത് കളിയും കളിക്കും. അത് ജനത്തെ മറന്നിട്ടാണെങ്കിലും. ജനം മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ്..
https://www.facebook.com/Malayalivartha