മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ഡിജിപിക്ക്... മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കി ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യന്റെ കത്ത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി യെന്നാണ് കത്തില്‍ പ്രധാനമായും പറയുന്നത്. ജില്ലാ പൊലീസ് മേധാവികള്‍ക്കയച്ച കത്തിലാണ് മന്ത്രിമാരുടെ ഓഫീസ് കുറ്റവാളികള്‍ താവളമാക്കിയെന്ന ഡി.ജി.പിയുടെ പരസ്യ സമ്മതമുള്ളത്. ഈ മാസം 7നാണ് ഡി.ജി.പി കത്തയച്ചത്.
സോളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതയും ബിജുവും നിരന്തരം മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുമായും നേതാക്കളുമായും ബന്ധപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ കത്ത്. അതിനു പിന്നാലെ സ്വര്‍ണകടത്തു കേസിലെ പ്രതി ഫയാസിനും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തു വന്നു.
ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐ.ജിക്കും ഡി.ജി.പി കെ. എസ്.ബാലസുബ്രഹ്മണ്യന്‍ അയച്ച കത്തിലാണ് ഡി.ജി.പിയുടെ പ്രസ്ഥാവന. മറ്റ് ജില്ലകളില്‍ ഇവര്‍ക്ക് വാറണ്ടുണ്ടായിരുന്നാലും പ്രത്യേകിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലും ഇത്തരക്കാര്‍ക്ക് സ്വന്തം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്നു എന്നാണ് ഡി.ജി.പിയുടെ കത്തിലെ വാചകം. ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡി.ജി.പി പുതിയ കത്ത് തയ്യാറാക്കിയിട്ടുള്ളത്.
സോളാര്‍ കേസിലും വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളിലും മുഖ്യമന്ത്രിയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും പേരുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ കത്തിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതു സംബന്ധിച്ച കത്തിലാണ് ഡി.ജി.പിയുടെ ഈ പരാമര്‍ശം.
ഭരിക്കുന്ന മന്ത്രിമാരുടെ ഓഫീസ് തന്നെ കുറ്റവാളികള്‍ക്ക് താവളമാകുന്നു എന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ പറഞ്ഞിരിക്കുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha