പിണറായിയെ കുടുക്കാന്‍ വിഎസ് ശ്രമിച്ചെന്ന് മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം രാജേന്ദ്രന്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല ക്രമക്കേടുകളും നടത്തി
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ വി എസ് ശ്രമിച്ചെന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം രാജേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല ക്രമക്കേടുകളും നടത്തിയെന്ന് രേഖകള്‍ സഹിതതാണ് ഔദ്യോഗികപക്ഷത്തെ എസ്.രാജേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. നയവ്യതിയാനം പറയുന്ന വി.എസ് ക്രമവിരുദ്ധമായി പദ്ധതികള്‍ക്ക് അനുമതി നല്‍കി. മുഖ്യമന്ത്രിപദം വി.എസ് വിഭാഗീയതക്കായി ദുരുപയോഗം ചെയ്തു. വി.എസ് നിലപാടില്‍ തിരുത്തല്‍ വരുത്തി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നുമുള്ള ആവശ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഉന്നയിച്ചത്.
അതേ സമയം, അഞ്ച് അംഗങ്ങള്‍ വി.എസിനെ അനുകൂലിച്ച് സംസാരിച്ചു. അദ്ദേഹത്തിന് എതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് എസ്.ശര്‍മ, മെഴ്‌സിക്കുട്ടിയമ്മ, എം.ചന്ദ്രന്‍, ചന്ദ്രന്‍പിള്ള. സി.കെ സദാശിവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു നീക്കണമെന്ന ആവശ്യവും ഔദ്യോഗികപക്ഷത്തെ ചില അംഗങ്ങള്‍ ഉന്നയിച്ചു. പരസ്യപ്രസ്താവനകളിലൂടെയും വിമര്‍ശനങ്ങളിലൂടേയും പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും തള്ളിവിടുന്ന രീതിയാണ് വി.എസിന്റേതെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. കടുത്ത നടപടി വേണ്ട തെറ്റുകളാണ് ഇതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വി.എസിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഔദ്യോഗിക പക്ഷം വ്യക്തമാക്കുമ്പോഴും നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ വി.എസ് തയാറായില്ലെന്നും സമിതി യോഗം കുറ്റപ്പെടുത്തി. ഉച്ചവരെ നടന്ന ചര്‍ച്ചയില്‍ വി.എസിനെതിരായ വിമര്‍ശനത്തിനായിരുന്നു മുന്‍തൂക്കം.
അതേസമയം, സംസ്ഥാനനേതൃത്വം എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു വി.എസിന്റെ മറുപടി. കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസ് തന്റെ നിലപാട് കമ്മീഷനെ ധരിപ്പിച്ചിരുന്നു. തെറ്റു തിരുത്തേണ്ടത് നേതൃത്വമാണ്. പണ്ട് പ്രതിപക്ഷ സ്ഥാനത്തിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രി ആയപ്പോഴും ഇപ്പോള്‍ വീണ്ടും പ്രതിപക്ഷ നേതാവായി വന്നപ്പോഴും താന്‍ ചൂണ്ടിക്കാട്ടിയതെല്ലാം പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളായിരുന്നുവെന്ന് വി.എസ് ചൂണ്ടിക്കാട്ടിയിരുന്നു.
വലതുപക്ഷ-വിഭാഗീയ നിലപാട് പാര്‍ട്ടി തിരുത്തണം. പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ ശത്രുക്കളെപ്പോലെയാണ് പാര്‍ട്ടി കാണുന്നത്. നയവ്യതിയാനത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും വി.എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനസമതി യോഗം ഇന്ന് ഉച്ചയോടെ സമാപിക്കും. ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് പി.ബി കമ്മിഷന്‍ തയാറാക്കും. ഇതിനു ശേഷം പ്രത്യേകം യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തും. ഇതും സംസ്ഥാന കമ്മിറ്റിയുടെ മിനിട്‌സും അടക്കമായിരിക്കും ഡിസംബറില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha