പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!
വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടൻ തുടങ്ങും. യെമനിലെ ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് ആദ്യം നടക്കുന്നത്. എംബസിയുടെ സഹായത്തോടെയാണ് ചർച്ച നടക്കുക. വരും ദിവസങ്ങളിൽ യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബാംഗങ്ങളുമായും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ചർച്ച നടത്തും.പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നലെ പ്രേമകുമാരി പ്രാദേശിക സമയം പത്തരയോടെ (ഇന്ത്യൻസമയം ഉച്ചയ്‌ക്ക് ഒരുമണി) പ്രേമകുമാരി തലസ്ഥാനമായ സനയിലെ ജയിലിലെത്തി മകളെ കണ്ടിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്‌നാട് സ്വദേശി, യെമനിൽ ജോലി ചെയ്യുന്ന സാമുവൽ ജെറോമിനും ഇന്ത്യൻ എംബസിയിലെ രണ്ട് ജീവനക്കാർക്കുമൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തിയത്.
നാലുപേരുടെയും ഫോണുകൾ ജയിൽ അധികൃതർ വങ്ങിവച്ചു. പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. എംബസി ജീവനക്കാരൻ നെഫേയും ജീവനക്കാരി ദുഹയും സാമുവൽ ജെറോമും ജയിലിന് പുറത്തിറങ്ങി. എംബസി ജീവനക്കാർ നൽകിയ ഭക്ഷണം അമ്മയും മകളും ഒന്നിച്ചിരുന്ന് കഴിച്ചു.നിമിഷയെ വീണ്ടും കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നായിരുന്നു പ്രേമകുമാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്.പർദ്ദയണിഞ്ഞ് വന്ന മകളെ തനിക്ക് ദൂരെ നിന്നേ തിരിച്ചറിയാനായി. ജയിലിലുള്ളവർ സ്നേഹത്തോടെയാണ് പെരുമാറിയത്. യെമനോട് നന്ദിയുണ്ടെന്നും പ്രേമകുമാരി പറഞ്ഞു. തന്നെ കണ്ടതും മമ്മീയെന്ന് വിളിച്ച് മകൾ ഓടിവന്ന് കെട്ടിപ്പിടിച്ചു.
കല്യാണം കഴിച്ചുപോയ ശേഷം ആദ്യമായിട്ടാണ് മകളെ കാണുന്നതെന്നും അവർ വ്യക്തമാക്കി.2017ലാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബം മാപ്പു നൽകിയാൽ ശിക്ഷയിളവു ലഭിക്കും.2012-ലാണ് പ്രേമകുമാരിയും നിമിഷപ്രിയയും അവസാനമായി കണ്ടത്. അതിനുശേഷം നിമിഷപ്രിയ നാട്ടിൽ വന്നെങ്കിലും ഇരുവർക്കും തമ്മിൽ കാണാൻ കഴിഞ്ഞിരുന്നില്ല.നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സഹചര്യത്തിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു.
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം.ശനിയാഴ്ചയാണ് പ്രേമകുമാരി കൊച്ചിയിൽനിന്ന് ഏദനിലേക്ക് വിമാനം കയറിയത്. ഇവിടെ നിന്ന് റോഡുമാർഗം 12 മണിക്കൂർ സഞ്ചരിച്ച് തിങ്കളാഴ്ച രാവിലെ ഒൻപതോടെ സനയിലെത്തി. നിമിഷപ്രിയയെ കാണാനുള്ള അനുമതിക്കായി അപേക്ഷ നൽകി. ബുധനാഴ്ച ഉച്ചയോടെയാണ് ഇവർക്ക് അനുമതി ലഭിച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്‌സുമായ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ മൊഴി.ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഇപ്പോൾ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ പ്രവർത്തിക്കുന്നത് അയൽരാജ്യമായ ജിബൂട്ടിയിലാണ്.
https://www.facebook.com/Malayalivartha