മലയാളി വാര്‍ത്ത.
ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ ലഷ്കറെ തൊയ്ബ ഭീകരനായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തി. കേസില്‍ 5 പേരെ വെറുതെ വിട്ടു. ശിക്ഷ നാലിന് പ്രഖ്യാപിക്കും. രാജ്യദ്രോഹം, രാജ്യത്തോട് യുദ്ധംചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് നൈനാന്, അനസ്, അബ്ദുള്‍ഹമീദ്, ബദറുദ്ദീന്‍, സിനാജ് എന്നിവരെയാണ് വെറുതെ വിട്ടത്.
കേസില്‍ 18 പ്രതികള്‍ക്കെതിരായ വിചാരണയാണ് പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ നടന്നത്. പ്രതികളില്‍ നാലുപേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പാക് പൗരനായ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ഖാദര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളിയുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇതിനായി സര്‍ഫറാസ് നവാസ്, തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് സാഹിദ് വഴി കേരളത്തില്‍ പണമെത്തിച്ചു. കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, താഴത്തരു മുപ്പത്തടം അറഫയില്‍ ഹാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയാസന്‍, കൊച്ചി വെണ്ണല കൊടുവേലിപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്, കാവുഞ്ചേരി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ ആയുധപരിശീലനത്തിനായി റിക്രൂട്ട് ചെയ്തു.
ഇവര്‍ക്ക് ജമ്മുകശ്മീരിലെ കുപ് വാരയില്‍ ആയുധപരിശീലനം നല്കി. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുള്‍ ജബ്ബാര്‍ ഒഴികെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇവിടെനിന്നു രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.