സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷം; 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്
സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നല്‍കും എന്ന് മുഖ്യമന്ത്രി.
ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍, തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേജിലാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകള്‍ തുറക്കും.
ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്നതാണ് 50/ 50 പദ്ധതി.
ഇതിലൂടെ 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കൻ മസാല, സാമ്ബാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്.
500ഗ്രാം റിപ്പിള് പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെൻകോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റർജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ് തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിൻസ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ, പാലട മിക്സ്, കെലോഗ്സ് ഓട്സ്, ഐടിസി ആശിർവാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്ക്കറ്റുകള്‍, ഡാബറിന്റെ തേൻ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാൻഡിന്റെ ഡയറി വൈറ്റ്നർ, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.
അമ്പത് ദിവസത്തേക്ക് ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയില്‍ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുമണിവരെ ഒരു മണിക്കൂർ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്കുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ 10% വിലക്കുറവ്.
https://www.facebook.com/Malayalivartha