ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്... കോട്ടയത്തെ ആകാശപാത നിര്‍മാണം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി
കോട്ടയത്തെ ആകാശപാത നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാര്‍. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്. 17 കോടി ചെലവാക്കി സ്കൈവാക്ക് നിര്‍മിക്കാമെന്ന് വിചാരിച്ചാലും പൊളിക്കേണ്ടി വരും'- ഗണേശ് കുമാര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എറണാകുളത്ത് ബിനാലെയ്ക്ക് വന്ന കലാകാരന് എംഎല്‍എയോടുള്ള ബന്ധത്തിനുപുറത്ത് നിര്‍മിച്ച ശില്പമാണെന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.'മന്ത്രിയായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഇതൊരു സ്കൈവാക്ക് ആണെന്ന് മനസിലായത്. പദ്ധതിക്ക് സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് അന്നത്തെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടുനല്‍കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. കോര്‍പ്പറേഷന്റെ സ്ഥലം മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ വരും.
പള്ളിയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ വകുപ്പിനും സ്ഥലമുണ്ട്. പണം നല്കി സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റിക്ക് അധികാരമില്ല.സ്കൈവാക്ക് ഘടനയില്‍ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐഐടിയുടെ റിപ്പോര്‍ട്ട്. നിര്‍ദിഷ്ട സ്കൈവാക്കിന്റെ അപര്യാപ്തമായ സ്ട്രക്ചര്‍ ശക്തിപ്പെടുത്താനുളള സാദ്ധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷന് അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്കൈവാക്കിന് സ്റ്റെയര്‍കേസിനൊപ്പം ലിഫ്റ്റും വേണമെന്നാണ് നാറ്റ്പാക്ക് പറയുന്നത്. ആറ് ലിഫ്റ്റും മൂന്ന് സ്റ്റെയര്‍കേസും ഉള്‍പ്പെടെ പദ്ധതിച്ചെലവ് 17.80 കോടി രൂപ വേണ്ടി വരും.പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനാവില്ലെന്നാണ് അവസാനമായി നല്കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ പദ്ധതി പൂര്‍ത്തികരിച്ചാല്‍ പിന്നീട് ജില്ലയുടെ തുടര്‍വികസനത്തിന്റെ ഭാഗമായി നിര്‍മാണം പൊളിച്ചുകളയേണ്ടി വരും.
https://www.facebook.com/Malayalivartha