അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി... തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 605 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്
![](https://www.malayalivartha.com/assets/coverphotos/w657/313798_1719756366.jpg)
തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. വെള്ളിയാഴ്ച വെളുപ്പിന് രാവിലെ 3.30 ഓടുകൂടി 10 ദിവസം പ്രായമുള്ള പെണ് കുഞ്ഞാണ് എത്തിയത്. പുതിയ അതിഥിയ്ക്ക് 'കനി' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 605 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കുഞ്ഞിനെ സ്വീകരിച്ചു. തുടര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുഞ്ഞിനെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു.ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരത്ത് 2023 മേയ് മുതല്‍ അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 19ാമത്തെ കുട്ടിയും എട്ടാമത്തെ പെണ്‍കുഞ്ഞുമാണ് കനി. ഈ മാസം മാത്രം അഞ്ച് കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടില്‍ മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതില്‍ മൂന്നും പെണ്‍കുഞ്ഞുങ്ങളാണ്.
2024 വര്‍ഷത്തില്‍ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്. പുതിയ ഭരണസമിതി വന്നതിനു ശേഷം 86 പേരും.കുട്ടികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
https://www.facebook.com/Malayalivartha