നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി
മലപ്പുറം ചോക്കാട് വാളക്കുളത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. വല്ലാഞ്ചിറ ഉമൈര്‍ (22) നെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. ജൂണ്‍ 27-നാണ് ഉമൈര്‍ ഉള്‍പ്പെട്ട സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നാട്ടുകാരുമുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിസംഘത്തിലെ നാല് പേര്‍ക്കും പരിക്കുപറ്റി. കൂട്ടത്തില്‍ നിസ്സാര പരിക്കേറ്റ ഉമൈര്‍ 28-ന് വീണ്ടും പന്നിക്കോട്ടുമുണ്ടയില്‍ എത്തി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു.
മാരാകായുധങ്ങളുമായെത്തിയ ഉമൈര്‍, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ സംഘടിച്ചാണ് ഉമൈറിനെ കീഴ്പ്പെടുത്തിയത്. പന്നിക്കോട്ടുമുണ്ടയിലെ പുലത്ത് നജ്മല്‍ ബാബുവിന്റെ പരാതിയിലാണ് ഉമൈറിന്റെ അറസ്റ്റ്. നജ്മലിനെ ഇരുമ്ബുവടികൊണ്ട് അക്രമിച്ചുവെന്നാണ് പരാതി. തലയ്ക്ക് അടിയേല്ക്കാത്തതിനാല് താന്‍ രക്ഷപ്പെട്ടെന്നാണ് നജ്മല്‍ പറയുന്നത്. വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമൈറിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കാളികാവ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍.
ഉമൈറിന്റെ കൂടെ നാട്ടുകാരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെട്ട് ഗുരുതരമായി പരിക്കുപറ്റിയ പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവന്‍ ഫായിസ്, മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ അക്രമിച്ചതില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേര്‍ക്കെതിരേയും കേസെടുക്കും.
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട വിവരം പോലീസിനെ അറിയിച്ചതിന് ചോക്കാട് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ടി. മുജീബിനെതിരെ നാലംഗ സംഘത്തിന്റെ വധഭീഷണിയുണ്ട്. സംഘത്തിനെതിരെ മുജീബ് കാളികാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്.ഐ. സുബ്രഹ്മണ്യന്, പോലീസുകാരായ ജിതിന്, സുജേഷ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ഉമൈറിനെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha