അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം.... നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും മണ്ണിടിച്ചിലില്‍ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം
ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുളള തിരച്ചിലുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ പുതിയ സ്ഥിരീകരണം. അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടസ്ഥലത്തെ 90 ശതമാനം മണ്ണും നീക്കിയെന്നും അവിടെ ലോറിയില്ലെന്നും കഴിഞ്ഞദിവസം കര്‍ണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലില്‍ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യമിപ്പോള്‍. നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം അറിയിക്കുന്നു. ഈ പ്രദേശം മാര്‍ക്ക് ചെയ്ത് പരിശോധന നടത്തുകയാണ്.
മണ്ണിനടിയില്‍ ലോറിയുണ്ടെന്നായിരുന്നു സൈന്യം നേരത്തെ സൂചന നല്‍കിയിരുന്നത്. രണ്ട് സ്ഥലങ്ങളില്‍ നടത്തിയ റഡാര്‍ പരിശോധനയില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോളത് ഫേക്ക് സിഗ്‌നല്‍ ആകാമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നും മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുകയും ചെയ്തു. ലോറി കരയിലുണ്ടാകാന്‍ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ മുന്‍പ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്‌നലുകള്‍ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുന്‍പുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ ഇന്ന് ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha