ദുരന്ത വാര്‍ത്തക്കിടയിലും ചെറിയ ആശ്വാസമാവുകയാണ് ഇപ്പോള്‍ ധീരജും കുടുംബവും...
രക്ഷാ ദൗത്യത്തിന്റെ ഓരോ നിമിഷങ്ങളും പിന്നിടുമ്പോള്‍ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് വയനാട് ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം തകര്‍ന്നു കിടക്കുന്ന വീടുകളും ദുരിതം ബാക്കിയാക്കിയ ഭയാനകമായ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.ഇതില്‍ ഏറെ ശ്രദ്ധിച്ച ഫോട്ടോ ആയിരുന്നു തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ യുവാവും സഹോദരിമാരും ഉള്‍പ്പെടുന്ന ഫോട്ടോ ഫ്രെയിം. ഈ ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ഇവര്‍ ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടു എന്ന രീതിയിലും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ആ ഫോട്ടോയിലുള്ള യുവാവ് ധീരജ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. താനും കുടുംബവും സുരക്ഷിതരാണെന്നും ദയവായി മറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും ധീരജ് മാധ്യമങ്ങളോട് പറഞ്ഞു. ധീരജും കുടുംബങ്ങളുമെല്ലാം ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട് മരിച്ചുവെന്ന വാര്ത്തയോടപ്പമായിരുന്നു ഇത് ഷെയര്‍ ചെയ്യപ്പെട്ടിരുന്നത്. വയനാട് ഉരുള്‍പൊട്ടലിന്റെ ഉള്ളുലയ്ക്കുന്ന ചിത്രമായി ഇത് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ ഇരുന്നൂറിലധികം പേര് മരിച്ചുവെന്ന ദുരന്ത വാര്‍ത്തക്കിടയിലും ചെറിയ ആശ്വാസമാവുകയാണ് ഇപ്പോള്‍ ധീരജും കുടുംബവും സുരക്ഷിതരാണെന്ന വാര്‍ത്ത. അമ്മയും ധീരജും മാത്രമായിരുന്നു ദുരന്തഭൂമിയില്‍ ഉണ്ടായിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ പുല്‍പ്പള്ളിയിലുമാണ്.
മഴയെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും മാറി തറവാട്ട് വീട്ടിലായിരുന്നു അപകടം നടക്കുന്ന സമയത്ത് നീരജ്. ഉരുള്‍പൊട്ടിയ ശബ്ദം കേട്ട ഉടനെ ധീരജും അമ്മയും അടുത്ത കുന്നുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റ് കുടുംബാഗങ്ങള്‍ക്കൊപ്പമാണ് അവര്‍ കുന്നിന്മുകളിലേക്ക് ഓടി രക്ഷപ്പെട്ടത്. കുന്നിന് മുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ഇവര്‍ പിന്നീട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. ഫോട്ടോയില്‍ പ്രചരിച്ച സഹോദരിമാര്‍ സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
ജീവനും കൈയില്‍ പിടിച്ചുള്ള ഓട്ടത്തില്‍ ധീരജിന്റെ ഫോണ്‍ വീണ് കേടുവന്നിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഇവരുടെ തകര്‍ന്ന വീടിന്റെയും ഫോട്ടോ ഫ്രെയിമിന്റെ ചിത്രങ്ങളും പുറത്ത് വരുന്നതും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതും. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവര്‍ ഈ വാര്‍ത്ത കണ്ട് പരിഭ്രാന്തിയിലായിട്ടുണ്ടെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ധീരജ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha