എക്സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി
എക്സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സുഹൈറിനെ കാണാതായത്. ഇയാള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ആനക്കല്‍ നരിമട ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ, പട്ടാമ്പി റേഞ്ച് എക്സൈസ് സംഘം പട്രോളിങ്ങിനെത്തിയിരുന്നു. ഇതുകണ്ട് ഇവര്‍ ചിതറിയോടി. ഇവരില്‍ നാലുപേരില്‍ നിന്ന് നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ എക്സൈസ് ലഹരി നിയമപ്രകാരം കേസെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഘത്തില്‍ ഉള്‍പ്പെട്ട, തൂതപ്പുഴയില്‍ ചാടി നീന്തിയെത്തിയ യുവാവാണ് സുഹൈറും പുഴയില്‍ ചാടിയിരുന്നെന്ന് രാത്രി 10 മണിയോടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയും കണ്ടെത്താനായി കഴിയാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെങ്കിലും കണ്ടെത്താനായില്ല.പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുഴയില്‍ തണുപ്പുകൂടിയതിനാല് വൈകുന്നേരം തിരച്ചില്‍ നിര്‍ത്തി. ഇന്നുരാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha