ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു...മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയില്‍, ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും, മൂന്നാം ദിവസം രണ്ടു പേര്‍ സ്പേയ്സ് വാക്ക് നടത്തും
ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു. ഭൂമിയില്‍ നിന്ന് 800 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തില്‍ നാല് പേരടങ്ങുന്ന പേടകത്തെ എത്തിക്കുന്ന ദൗത്യം നിര്‍ണായക മണിക്കൂറുകളിലേക്ക്.
ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വ പകല്‍ 2.53 നായിരുന്നു വിക്ഷേപണം. പടുകൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കന്‍ 9 ആണ് ഡ്രാഗണ്‍ പേടകവുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ആദ്യഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി നീങ്ങി. മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇത്.
നിലവില്‍ ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരമായി 190നും കൂടിയ ദൂരമായ 1200 കിലോമീറ്ററിനുമിടിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം. ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും. മൂന്നാം ദിവസം രണ്ടു പേര്‍ സ്പേയ്സ് വാക്ക് നടത്തും.
തുടര്‍ദിവസങ്ങളില്‍ 40 പരീക്ഷണങ്ങള്‍ നടത്തും. മിഷന്‍ കമാന്‍ഡര്‍ ജേര്‍ഡ് ഐസക്ക് മാന്‍, മിഷന്‍ പൈലറ്റ് സ്‌കോട്ട് പൊറ്റിറ്റ്, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ അന്ന മേനോന്‍, സാറാഗില്ലിസ് എന്നിവരാണ് ബഹിരാകാശ സഞ്ചാരികള്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.അനില്‍ മേനോന്റെ ഭാര്യയാണ് അന്ന. വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ കുടിയേറിയ മലയാളി ശങ്കരമേനോന്റെയും ഉക്രയ്ന്‍ സ്വദേശിനി ലിസയുടെയും മകനാണ് അനില്‍.
അപ്പോളോ ചാന്ദ്രദൗത്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് കൂടുതല്‍ ദൂരത്തേക്കുള്ള മനുഷ്യ ദൗത്യം ആദ്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്ന ഉയരത്തേക്കാള്‍ ഇരട്ടിയിലധികം ഉയരത്തിലാണ് ഡ്രാഗണ്‍ പേടകം സഞ്ചരിക്കുക.
കഴിഞ്ഞ മാസം 26ന് വിക്ഷേപിക്കാനിരുന്ന ദൗത്യമാണിത്. ഞായറാഴ്ച പേടകം മടങ്ങും.
https://www.facebook.com/Malayalivartha