പ്രാര്‍ത്ഥനകള്‍ വിഫലമായി... വിട്ടൊഴിയാതെ ദുരന്തം..... ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....
വിട്ടൊഴിയാതെ ദുരന്തം.....ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെന്‍സണ്‍ വെന്റിലേറ്ററിലായിരുന്നു. രാത്രി 8.52ഓടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടംസംഭവിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍.
ജെന്‍സന്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന ജെന്‍സണ് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി.
അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം വാനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ബസ്സില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും പരിക്കുണ്ട്. ഇന്നലെ വൈകുന്നേരമാണ് ജെന്‍സണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.
കോഴിക്കോട് ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടംസംഭവിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗംമുഴുവന്‍ തകര്‍ന്നു. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരണപ്പെട്ടിരുന്നു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവന്‍ സ്വര്‍ണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്.
https://www.facebook.com/Malayalivartha