വീണ്ടും ചോദ്യംചെയ്യും... എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദമാക്കുന്നതിനെതിരെ പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും
ഒരു നേതാവിനെ കണ്ടെന്നതിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെ തുറന്നടിച്ച് പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയത്.
ആര്‍എസ്എസ് ബിജെപി നേതാവായിരുന്ന പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിലാണു വിഷയം ചൂടേറിയ ചര്‍ച്ചയായത്. ഉദ്ഘാടകനായ ശ്രീധരന്‍പിള്ളയാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. എഡിജിപിയെന്നോ ആര്‍എസ്എസ് എന്നോ പേരെടുത്തു പറയാതെയായിരുന്ന വിമര്‍ശനം.
കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച കാണാന്‍ പോയതാണ്. ചിലരെ രണ്ടാം തരം പൗരന്‍മാരായി കാണുന്നു. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച. ഇത്തരം വിദ്വേഷം ജനാധിപത്യത്തിനു ഭൂഷണമല്ല. ആശയപരമായ വ്യത്യാസത്തിന്റെ പേരില്‍ കാണാന്‍ പാടില്ലെന്ന നിലപാട് ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇല്ലാതാക്കുന്നത്. കേരളത്തില്‍ നടന്ന പല തിരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികളായിരുന്നവരാണ് ഇപ്പോള്‍ കണ്ടതിന്റെ പേരില്‍ വിമര്‍ശിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നതു സംബന്ധിച്ച ചര്‍ച്ചകളോടു പുച്ഛമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരുധ്യങ്ങളുണ്ടെന്നു കരുതി പരസ്പരം കാണാനോ, സംസാരിക്കാനോ പാടില്ലേ? തന്റെ കൈ ശുദ്ധമാണെന്നു താന്‍ പറയില്ല, പക്ഷേ ഹൃദയം ശുദ്ധമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പി.പി.മുകുന്ദന്‍ പുരസ്‌കാരം സുരേഷ് ഗോപി ഏറ്റുവാങ്ങി.
ആര്‍എസ്എസ് നേതൃത്വവുമായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ മൊഴിയെടുപ്പില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളുണ്ടായില്ല. പി.വി.അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ അജിത്കുമാറിനെതിരെ ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കാത്തതാണു കാരണം.
ചോദ്യംചെയ്യലിനു പകരം അജിത്കുമാറിനു പറയാനുള്ള കാര്യങ്ങളാണു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കേട്ടത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് അജിത്കുമാര്‍ രേഖാമൂലം മുന്‍പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, പരാതിക്കാരനെന്ന നിലയിലാണ് അദ്ദേഹത്തെ കേട്ടത്. വിശദമായ ചോദ്യാവലിയുമായി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അജിത്കുമാറിനെ വീണ്ടും കാണുമെന്നാണു വിവരം. ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ അപ്പോള്‍ വ്യക്തത തേടും. എല്ലാ ചോദ്യങ്ങള്‍ക്കും രേഖാമൂലം തന്നെ മറുപടി നല്‍കാമെന്നാണ് അജിത്കുമാറിന്റെ നിലപാട്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തയാറാണെന്നും ഉടന്‍ കൈമാറാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ബന്ധം, തൃശൂര്‍ പൂരം കലക്കല്‍, സ്വര്‍ണക്കടത്തു സംഘങ്ങളുമായുള്ള ബന്ധം എന്നിവയടക്കം അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണു ഡിജിപിക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയവിവാദമായി കത്തിപ്പടര്‍ന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി നേരത്തേ കൈമാറിയേക്കും.
അതേസമയം, അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയില്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല. വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നു നീക്കണമെന്ന് മുന്‍പ് ഡിജിപി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു.
"
https://www.facebook.com/Malayalivartha