ഭീതി ഉയര്‍ത്തി വീണ്ടും നിപ്പ മരണം ; കേരളം മുള്‍മുനയില്‍
മലപ്പുറത്ത് നിപ്പ മരണം ഞെട്ടിക്കുന്ന വിവരം പുറത്ത്. വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ.
പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ അയക്കുകയായിരുന്നു.
മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ പുണെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത തല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.
പനി ബാധിച്ച യുവാവിന് ഛര്‍ദിയുണ്ടായിന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നു. എന്നാല്‍ അസുഖം മാറാതെ വന്നതോടെ യുവാവിനെ പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂര്‍ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha