ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍
ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍. അഭിനന്ദനവുമായി നാട്ടുകാരും രംഗത്ത്. വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം നടന്നത്.
പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആര്.ടി.സി. ബസ്. മാലക്കല്ലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് ടിക്കറ്റെടുത്ത കള്ളാര്‍ പെരുമ്പള്ളിയിലെ കെ.ടി. ശ്രീരാജ് (33) ചുള്ളിക്കരയെത്തിയപ്പോള് തലകറങ്ങി വീണു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ സമയനഷ്ടമോ ട്രിപ്പ് മുടങ്ങുന്നതോ നോക്കാതെ ഡ്രൈവര്‍ പ്രകാശനും കണ്ടക്ടര്‍ കെ. രാജേഷും ചേര്‍ന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലേക്ക് ബസ് തിരിച്ചോടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച യാത്രക്കാരന് സുരക്ഷിതനാണെന്ന് അറിഞ്ഞശേഷമാണ് ബസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുപോയത്. യാത്രക്കാരന്റെ ജീവന് രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്ന് പ്രകാശനും രാജേഷും പറയുന്നു. യഥാസമയം അടിയന്തര ചികിത്സ ലഭിച്ചതോടെ സുഖം പ്രാപിച്ച ശ്രീരാജ് ഉച്ചയോടെ ആശുപത്രിയില്‍ നിന്ന് മടങ്ങി.
https://www.facebook.com/Malayalivartha