ഐ എസ് ആര് ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു, ഡിസം 13 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു
രാജ്യത്തെ പിടിച്ചു കുലുക്കിയ വ്യാജ ഐ എസ് ആര് ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചന കേസില്‍ മുന്‍ ഡിഐജി സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു. മുന്‍ സി ഐ എസ്. വിജയനടക്കം 2 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി.
ഡിസംബര്‍ 13 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം. സുജയാണ് കേസ് പരിഗണിച്ചത്. ജാമ്യ ബോണ്ട് തുകക്ക് തുല്യമായി ഓരോ പ്രതികളെയും രണ്ടാള് ജാമ്യത്തില്‍ വീതമാണ് വിട്ടയച്ചത്.
അതേസമയം മുന്‍ ഡി ഐ ജി സിബി മാത്യൂസ്, മുന്‍ ഡി വൈ എസ് പി കെ.കെ.ജോഷ്വ, മുന്‍ ഐബി ഉദ്യോഗസ്ഥന്ആര്.ബി.ശ്രീകുമാര്‍, മുന്‍ സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ എസ്.വിജയന്, ഐബി ഉദ്യോഗസ്ഥന് പി.എസ്.ജയപ്രകാശ് എന്നിവരാണ് ഗൂഢാലോചന കേസിലെ 5 പ്രതികള്‍.
തലസ്ഥാന സിജെഎം കോടതിയിലാണ് സിബിഐ ഡല്‍ഹി യൂണിറ്റ് എസ് പി മുദ്ര വെച്ച കവറില്‍ ജൂണ്‍ 28 ന് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉന്നത പോലീസുദ്യോഗസ്ഥരടക്കം 18 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. പ്രോസിക്യൂഷന് കേസ് ബലപ്പെടുത്താനും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുമായി പ്രതിപ്പട്ടികയില്‍ നിന്നും കുറവ് ചെയ്തവരില്‍ പലരെയും സി ബി ഐ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഫ് ഐ ആര് തിരുവനന്തപുരം സി ജെ എം കോടതിയില്‍ 2021 ല്‍ ഹാജരാക്കിയിരുന്നു. ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിന് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് ഡിഐജി ആയിരുന്ന സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരമാണെന്ന് എസ്ഐടി അംഗമായിരുന്ന ജോഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ചെയ്ത കുറ്റം സംബന്ധിച്ച് ഒരു തെളിവും തനിക്കു ലഭിച്ചിരുന്നില്ലെന്നും ജോഗേഷ് പറഞ്ഞു. ഐബി ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ ചോദ്യം ചെയ്യുമ്പോള്‍ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ജോഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. നമ്പി നാരായണനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് എഴുതിയത് ജോഗേഷ് ആണെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍ സിബിഐ ചോദ്യം ചെയ്യലില്‍ ജോഗേഷ് ഇതു നിഷേധിച്ചു. നമ്പി നാരായണന്റെ മൊഴി ഒപ്പില്ലാതെ സിബി മാത്യൂസ് ടൈപ്പ് ചെയ്തു നല്‍കിയത് അതേപടി പകര്‍ത്തി എഴുതുകയായിരുന്നുവെന്നും ജോഗേഷ് പറഞ്ഞു. സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരം കെ.കെ.ജോഷ്വയാണ് തെറ്റായ കേസ് രേഖകള്‍ തയാറാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha