കൗണ്ട് ഡൗൺ തുടരുകയാണ്! ഇനി അഞ്ചു ദിവസം കൂടി!!
7 ദിവസം കൊണ്ട് 39 മീറ്റർ നീളത്തിൽ പാറതുരന്ന് തുരങ്കമുണ്ടാക്കാനുള്ള ഭഗീരഥയത്നം ഇച്ഛാശക്തിയോടെ ഏറ്റെടുത്തിരിക്കുകയാണ് കെ എസ് ഇ ബി മാങ്കുളം ജലവൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരും കരാറുകാരനും! ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മാങ്കുളം പദ്ധതിയുടെ മുഖ്യതുരങ്കം 7 ദിവസത്തിനുള്ളിൽ പൂർണ്ണമായും തുറക്കപ്പെടും.
പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. ഒക്ടോബര് 10 ഓടെ ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കും. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിൻ്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം പുരോഗമിക്കുന്നത്.
ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരൻ്റെ അസാധാരണമായ പ്രവർത്തനമികവും, പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും, നാട്ടുകാരുടെ സഹകരണവുമാണ് റെക്കോർഡ് സമയത്തിൽ ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കെ എസ് ഇ ബിക്ക് ഊർജ്ജം പകരുന്നത്.
പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും, 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും, 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും, രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാതയും, 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും, 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
51° ചരിവിലുള്ള തുരങ്കത്തിൻ്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിൻ്റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണ്ണമാകും. ഇത് മറ്റൊരു കെ എസ് ഇ ബി വിജയഗാഥ!
https://www.facebook.com/Malayalivartha