ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ്; നന്ദി പറഞ്ഞ് മാൽപെ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിൽ നേതൃത്വം നൽകിയ ലോറി ഉടമ മനാഫ്, ഈശ്വർ മൽപേ, രഞ്ജിത്ത് ഇസ്രായേൽ തുടങ്ങിയവർക്ക് കൊണ്ടോട്ടിയിൽ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് സ്വീകരണം നൽകിയത്. കൊണ്ടോട്ടി പ്രതികരണവേദി എന്ന കൂട്ടായ്‌മയാണ് സ്വീകരണം ഒരുക്കിയത്. ഉറവ വറ്റാത്ത മനുഷ്യസ്‌നേഹവും പ്രതീക്ഷയറ്റുപോകാത്ത നിശ്ചയദാർഢ്യവും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ പ്രതീകമായാണ് സ്വീകരണം നടത്തിയതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനിടെ കേരളം ഏറ്റെടുത്ത ഈശ്വര്‍ മാല്‍പെയ്ക്ക് വേണ്ടി സ്വകാര്യ ചാനലും റോട്ടറി ക്ലബ്ബും കൂടെ മനാഫും ഒരുമിച്ചു.
ഈശ്വര്‍ മാല്‍പെയുടെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് സ്വകാര്യ ചാനലും കോഴിക്കോട്ടെ റോട്ടറി ക്ലബ്ബും ചേര്‍ന്ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈശ്വര്‍ മാല്‍പെയുടെ 23 വയസുകാരനായ മകനും ഏഴ് വയസുകാരിയായ മകള്‍ക്കുമാണ് ചികിത്സ ലഭ്യമാക്കേണ്ടത്. രണ്ട് പേര്‍ക്കും അച്ഛന്റെയും അമ്മയുടെയും സഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈശ്വര്‍ മാല്‍പെയെ സഹായിക്കുന്നതിനുള്ള ദൌത്യത്തിന് പിന്തുണ അറിയിച്ച് മനാഫും രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികളുടെ വീഡിയോ കണ്ടിരുന്നുവെന്നും രണ്ട് പേര്‍ക്കും കൈകാലുകള്‍ക്ക് ബുദ്ധിമുട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും റോട്ടറി ക്ലബ്ബ് ഭാരവാഹിയും മെയ്ത്ര ആശുപത്രിയിലെ ഡോക്ടറുമായ ഫെബിന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ന്യൂറോളജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. ചിലര്‍ക്ക് വൈകല്യം ഒരേ അവസ്ഥയില്‍ തുടരാം. മറ്റ് ചിലര്‍ക്ക് കൂടി വരുന്നതായി കാണാം. അതില്‍ വൈകല്യം ഒരേ അവസ്ഥയിലുള്ള കുട്ടികളുടെ പ്രശ്‌നം ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. വൈകല്യം കൂടി വരുന്നവര്‍ക്ക് ചികിത്സ നല്‍കിയാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. പതിനഞ്ചാം തീയതി ഈശ്വര്‍ മാല്‍പെയുടെ വീട്ടിലെത്തി കുട്ടികളെ സന്ദര്‍ശിക്കും. അതിന് ശേഷം ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഭിന്നശേഷി ബാധിച്ച 23കാരനായ മകന്‍ പൂര്‍ണമായും കിടപ്പിലായ അവസ്ഥയിലാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. മകള്‍ക്ക് കുറച്ചു ദൂരമൊക്കെ പിടിച്ചു നടക്കാന്‍ സാധിക്കും. അച്ഛനേയും അമ്മയേയും മാത്രമാണ് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്. കുട്ടികളുടെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു. തനിക്ക് ഇതേ അവസ്ഥയിലുള്ള മറ്റൊരു മകനും ഉണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് 23-ാം വയസില്‍ മകന്‍ മരണപ്പെട്ടുവെന്നും മാല്‍പെ പറഞ്ഞു. ഈശ്വര്‍ മാല്‍പെയുട കുട്ടികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് മനാഫും അറിയിച്ചിട്ടുണ്ട്. മനാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നാണ് മനാഫ് അറിയിച്ചത്.
ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ് വ്യക്തമാക്കിട്ടുണ്ട്. അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ട്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നമ്മൾ കൂട്ടിപിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. ‘എല്ലാവരും ചേർന്ന് മക്കളുടെ ചികിത്സ എത്രയും പെട്ടന്ന് ഏറ്റെടുത്ത് നടത്തും. മനാഫ് ചാരിറ്റബൾ എന്ന പേരിൽ പുതിയതായി ഒരു ട്രസ്റ്റ് പൂരീകരിച്ചിട്ടുണ്ട്.
ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇതിലും നന്നായി കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമുണ്ട്. കേരളത്തെ മൊത്തം കൂട്ടി നല്ലൊരു വീടും കുട്ടികൾക്ക് താമസിക്കാവുന്ന തരത്തിൽ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം. മാൽപെയെ കൂടാതെ റെസ്ക്യൂ ടീമിൽ കുറച്ചുപേരുണ്ട്. അവരുടെ അവസ്ഥയും പരിതാപകരമാണ്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് തീർക്കും’, മനാഫ് പറഞ്ഞു.
ഈശ്വർ മൽപെയെ മാജിക് മാൽപെയെന്നാണ് താൻ എപ്പോഴും വിളിക്കുന്നതെന്ന് മനാഫ് പറഞ്ഞു. താനിട്ട പേരാണിത്. തന്നെ സംബന്ധിച്ചിടത്തോളം എന്നും മാജിക് കാണിക്കുന്ന ആളാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ടെടുത്ത പ്രമുഖ വ്യവസായി മുംതാസ് അലിയുടെ കിട്ടില്ലെന്ന് കരുതിയ മൃതദേഹമാണ് മാൽപെ കണ്ടെത്തിയത്. മാനസിക സംഘർഷം കൂടിയായിരുന്നു അത്. കാരണം രണ്ടു ദിവസം തിരഞ്ഞിട്ട് ലഭിച്ചില്ല, മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. ഉപ്പുവെള്ളത്തിനടിയിൽ ഇത്രയും മണിക്കൂർ നിന്ന് പ്രവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഉറങ്ങാൻ കഴിയില്ല, കണ്ണെല്ലാം നീറിയിട്ട് ഉറങ്ങാൻ പറ്റാത്ത സമയങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും മനാഫ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha