വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...
വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ വിവാദങ്ങളും ഉയരുകയാണ് . സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങൾ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.
സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇത് കിട്ടിയതിന് പിന്നാലെയാണ് സിപിഎമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്. സ്‌പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്.അതായത് സ്‌പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോര്‍ഡിനും അഭിപ്രായമുണ്ടെന്ന് സാരം. പകരം സംവിധാനമൊരുക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തോട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല.
https://www.facebook.com/Malayalivartha