തുലാമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും....
തുലാമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരരുടെയും മകന്‍ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.
മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നിതെളിക്കും. നാളെ പ്രത്യേക പൂജകളൊന്നുമില്ല. വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരെ 17ന് തിരഞ്ഞെടുക്കും.25പേര്‍ സന്നിധാനത്തും 15 പേര്‍ മാളികപ്പുറത്തും അന്തിമ മേല്‍ശാന്തി പട്ടികയിലുണ്ട്.
പന്തളം കൊട്ടാരത്തിലെ ഋഷികേശ് വര്‍മ്മയും (10) വൈഷ്ണവിയുമാണ് (6) നറുക്കെടുക്കുന്നത്. നാളെ ഇരുമുടിക്കെട്ടുമായി ഇരുവരും ശബരിമലയിലേക്ക് പുറപ്പെടും.
കൊട്ടാരം നിര്‍വാഹക സംഘം പ്രതിനിധികളും രക്ഷിതാക്കളും ഒപ്പമുണ്ടാകും.17മുതല്‍ ദിവസവും രാവിലെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തുന്നതാണ്.
മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാര്‍ച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും. തുലാമാസ പൂജകള്‍കഴിഞ്ഞ് 21ന് രാത്രി 10ന് നടയടയ്ക്കും. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കുന്നതാണ്.
https://www.facebook.com/Malayalivartha